Skip to main content

26,754 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കി  ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍  

 കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയില്‍ ഇതുവരെ ഉച്ചഭക്ഷണം ലഭിച്ചത് 26,754 പേര്‍ക്ക്. ഇതില്‍ 5,789 പേര്‍ക്ക് സൗജന്യമായും ഭക്ഷണം വിതരണം ചെയ്തു. കുടുംബശ്രീ ജില്ലാമിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായാണു കമ്മ്യൂണിറ്റി കിച്ചണുകള്‍ നടന്നുന്നത്. 

അഗതികള്‍, ഭിക്ഷാടകര്‍, കിടപ്പുരോഗികള്‍, നിര്‍ധനര്‍ എന്നിവര്‍ക്കാണ് സൗജന്യമായി ഭക്ഷണം നല്‍കുന്നത്. ഇതില്‍പെടാത്ത ആളുകളില്‍ നിന്ന് കമ്മ്യൂണിറ്റി കിച്ചണുകളില്‍ നേരിട്ടെത്തി ഭക്ഷണം വാങ്ങുന്നവര്‍ക്ക് 20 രൂപയും വീടുകളില്‍ എത്തിക്കുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്. ജില്ലയില്‍ നാലു മുനിസിപ്പാലിറ്റികളില്‍ ഉള്‍പ്പടെ 62 കമ്മ്യൂണിറ്റി കിച്ചണുകളാണ് ഉള്ളത്. സസ്യാഹാരമാണ് ഇപ്പോള്‍ കിച്ചണുകളില്‍ നിന്നും നല്‍കുന്നത്. 

പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍, സി.ഡി.എസ് അംഗം, കുടുംബശ്രീ ജില്ലാ മിഷന്‍ അംഗങ്ങള്‍ എന്നിവരടങ്ങുന്ന കോര്‍ഡിനേഷന്‍ കമ്മിറ്റിക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ ചുമതല. ഒരു കിച്ചണില്‍ മൂന്നു മുതല്‍ അഞ്ച് വരെ കുടുംബശ്രീ അംഗങ്ങളാണ് ഭക്ഷണമൊരുക്കുന്നത്. ഉച്ചയൂണിന് പുറമെ പ്രഭാത ഭക്ഷണവും അത്താഴവും പ്രാദേശിക നിരക്കില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി നല്‍കും.

ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണുകളിലേക്ക് ആവശ്യമായ പച്ചക്കറികള്‍ കുടുംബശ്രീ ജെ.എല്‍.ജി കൂട്ടായ്മകളുടെ കൃഷിയിടത്തില്‍ നിന്നും കൃഷി വകുപ്പില്‍ നിന്നുമാണ് എത്തിക്കുന്നത്. പലവ്യഞ്ജനങ്ങള്‍ സപ്ലൈകോ വഴിയും ലഭിക്കുന്നുണ്ട്. 

ജില്ലയില്‍ അടൂര്‍ നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഉച്ചഭക്ഷണം നല്‍കിയത്. പഞ്ചായത്തുകളില്‍ പറക്കോട് ബ്ലോക്കിന് കീഴില്‍ വരുന്ന ഏഴംകുളം പഞ്ചായത്താണ് കൂടുതല്‍ ഉച്ചഭക്ഷണം ഉറപ്പു വരുത്തിയത്.  

 

date