ആരും വിശന്നിരിക്കരുത്..... സദ്യയൊരുക്കി തൊടുപുഴയിലെ സമൂഹ അടുക്കള
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ തുടങ്ങിയ സമൂഹ അടുക്കള നിരവധിയാളുകള്‍ക്ക് ആശ്വാസമായി. തൊടുപുഴ ആനക്കൂട് ജംഗ്ഷനിലെ അമൃതാ കേറ്ററിങ് സര്‍വീസിന്റെ കെട്ടിടത്തിലാണ് സമൂഹ അടുക്കള പ്രവര്‍ത്തിക്കുന്നത്. ദിവസം മൂന്ന് നേരമാണ് ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നത്. ആദ്യ ദിവസങ്ങളില്‍ നിശ്ചിത കേന്ദ്രത്തിലെത്തുന്നവര്ക്കാണ് ഭക്ഷണം വിതരണം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അര്‍ഹരായവര്‍ക്ക് താമസ സ്ഥലത്ത് പൊതിയായി എത്തിച്ച് നല്‍കുന്നുമുണ്ട്. ശരാശരി 200 പേര്‍ക്ക് ഭക്ഷണം താമസസ്ഥലത്ത് എത്തിച്ച് നല്കുന്നു. യുവജനക്ഷേമ ബോര്‍ഡിന്റെ വോളന്റിയര്‍മാര്‍ക്കാണ് ഭക്ഷണ വിതരണത്തിന്റെ ചുമതല.
അടുക്കളയിലും 'ഹരിത പ്രോട്ടോകോള്‍'
'ഹരിത പ്രോട്ടോകോള്‍' പാലിച്ചാണ് സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം. പാചകം മുതല്‍ ഭക്ഷണപ്പൊതി വിതരണം വരെ ഒരു ഘട്ടത്തിലും പ്ലാസ്റ്റിക്ക് ഉപയോഗിക്കുന്നില്ല. ഉച്ചയൂണ് പൊതികെട്ടുന്നത് വാഴയിലയിലാണ്. ദിവസവും വാഴയിലയെത്തിക്കാന് ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവസാന ദിവസം വരെ ഇലയെത്തിക്കല് മുടങ്ങാതിരിക്കാന്‍ ഇയാള്‍ക്ക് വാഹന പാസും ലഭ്യമാക്കി. രാവിലെയും വൈകിട്ടുമുള്ള ഭക്ഷണവും പ്ലാസ്റ്റിക് രഹിത പേപ്പറില്‍ പൊതിഞ്ഞാണ് നല്‍കുന്നത്. രാവിലെ എട്ട് മണിക്ക് ഉപ്പുമാവ് അല്ലെങ്കില്‍ പുട്ടും കടലയും, ഉച്ചക്ക് 12 മണിയോടെ സാമ്പാര്‍, അവിയല്‍, ഓലന്‍, കാളന്, പച്ചടി തുടങ്ങിയ കറികള്‍ ഉള്‍പ്പെടുത്തിയുള്ള പൊതി ചോറ്, വൈകിട്ട് 5 മണി മുതല്‍ രാത്രി ഭക്ഷണമായ ചപ്പാത്തി കറി എന്നിങ്ങനെയാണ് വിതരണം ചെയ്യുന്നത്.
പാചകത്തിന്റെ ചുമതല നഗരസഭാ കുടുംബശ്രീക്കാണ്. കുടുംബശ്രീയിലെ പ്രവര്‍ത്തകരും മുനിസിപ്പല്‍ ജീവനക്കാരുമാണ് ഭക്ഷണം തയ്യാറാക്കുന്നത്. മുനിസിപ്പല്‍ ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ അടുക്കളയിലേക്ക് വിവിധ സംഘടനകളും വ്യക്തികളും പച്ചക്കറിയും അരിയുമുള്പ്പെടെയുള്ളവ സംഭാവനയായും എത്തിച്ച് തുടങ്ങിയതായി അധികൃതര്‍ പറഞ്ഞു. കൂടാതെ ഭക്ഷണം കിട്ടാതെ വരുന്ന അതിഥി തൊഴിലാളികള്‍ക്കും ഇവിടെ നിന്നും ഭക്ഷണം കൊടുക്കുന്നുണ്ട്. ഓരോ ദിവസവും ആവശ്യക്കാരുടെ എണ്ണം കൂടി വരുന്നതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സമൂഹ അടുക്കള സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തിയിരുന്നു.
- Log in to post comments