അതിഥി തൊഴിലാളികൾക്കും സ്ക്രീനിംഗ്; മൊബൈൽ ക്ലിനിക് പ്രവർത്തനം തുടങ്ങി
കാക്കനാട്: കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ അതിഥി തൊഴിലാളികൾക്കും ഹെൽത്ത് സ്ക്രീനിംഗ്. തൊഴിലാളികൾ കൂടുതൽ താമസിക്കുന്ന പെരുമ്പാവൂർ മേഖലയിലാണ് മൊബൈൽ ക്ളിനിക്കിൽ പ്രാഥമിക നിരീക്ഷണം ആരംഭിച്ചത്. പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
നാഷണൽ ഹെൽത്ത് മിഷനും സന്നദ്ധ സംഘടനയായ സെന്റർ ഫോർ മൈഗ്രേഷൻ ആന്റ് ഇൻക്ളുസീവ് ഡവലപ്മെന്റും ചേർന്നാണ് മൊബൈൽ ക്ലിനിക്കിൻ്റെ പ്രവർത്തനം നടത്തുന്നത്. ഒരു ഡോക്ടർ , രണ്ട് നഴ്സുമാർ, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം ക്ലിനിക്കിൽ ലഭിക്കും.
ബുധനാഴ്ച്ച പാലക്കാട്ടു താഴത്തെ ബംഗാൾ കോളനിയിലാണ് ക്ലിനിക് എത്തിയത്. നിലവിൽ പ്രാഥമിക സ്‌ക്രീനിംഗ് മാത്രമാണുള്ളത്. ഫ്ലാഷ് തെർമോ മീറ്റർ ഉപയോഗിച്ച് പനി പരിശോധിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. എല്ലാവരെയും സ്ക്രീനിംഗിന് വിധേയമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ എട്ടു പേർക്ക് പനിയുടെ ലക്ഷണം കണ്ടെത്തിയെങ്കിലും കോവിഡുമായി ബന്ധമുള്ളതല്ലെന്ന് കൂടുതൽ പരിശോധനയിൽ വ്യക്തമായി.
പനിയുടെ ലക്ഷണങ്ങൾ ഉള്ളവരെ അടുത്ത പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയാണ് ചെയ്യുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേരെ സ്ക്രീനിംഗിന് വിധേയമാക്കുമെന്ന് നോഡൽ ഓഫീസർ അറിയിച്ചു.
- Log in to post comments