സൗജന്യ റേഷന്‍ ജില്ലയില്‍ ആദ്യ ദിനം വാങ്ങിയത് 83509 കാര്‍ഡുടമകള്‍
-
കൊറോണ പ്രതിരോധത്തിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ ആദ്യ ദിനമായ ഇന്നലെ വാങ്ങിയത് 83509 കാര്‍ഡുടമകള്‍.
ജില്ലയില്‍ ആകെ 514568 കാര്‍ഡുടമകളാണുള്ളത് .951 റേഷന്‍ കടകളിലൂടെ 13906 ക്വിന്‍റല്‍ അരിയും 1582 ക്വിന്‍റല്‍ ഗോതമ്പുമാണ് ഇന്നലെ വിതരണം ചെയ്തത്.
ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശങ്ങൾ പാലിച്ചാണ് റേഷൻ കടകളിൽ ഭക്ഷ്യധാന്യ വിതരണം നടത്തുന്നത്. ഒരു മീറ്റർ അകലം പാലിച്ച് ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ ക്യൂവിൽ വരാത്ത വിധമാണ് ക്രമീകരണം.
റേഷൻ കാർഡിന്റെ അവസാന അക്കം അടിസ്ഥാനമാക്കിയാണ് വിതരണ തീയതി നിശ്ചയിച്ചിരിക്കുന്നത്.
0, 1 എന്നിവയിൽ അവസാനിക്കുന്ന റേഷൻ കാർഡ് നമ്പർ ഉള്ളവർക്കാണ് ഇന്നലെ ഭഷ്യധാന്യങ്ങൾ വിതരണം
നടത്തിയത്.
ചുവടെ കാണിച്ചിട്ടുള്ള പ്രകാരമാണ് തുടർന്നുള്ള വിതരണം
ഇന്ന് (ഏപ്രിൽ 2)- 2, 3 എന്നിവയില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് നമ്പര്‍ ഉള്ളവര്‍ക്ക്
നാളെ (ഏപ്രിൽ 3) 4, 5
ഏപ്രിൽ നാല് 6, 7
ഏപ്രിൽ അഞ്ച് 8, 9.
അതത് ദിവസങ്ങളിൽ വാങ്ങാൻ സാധിക്കാത്തവർക്കായി അഞ്ചാം തീയതിക്ക് ശേഷം വിതരണം നടത്തും. റേഷൻ കാർഡില്ലാത്തവരിൽ നിന്ന് സത്യവാങ്ങ് മൂലം സ്വീകരിച്ച് ആധാർ നമ്പരിന്റെ അടിസ്ഥാനത്തിൽ അരി നൽകും.
തെറ്റായ സത്യവാങ്ങ്മൂലം നൽകി റേഷൻ കൈപ്പറ്റുന്നവരില്‍നിന്നും സാധനത്തിന്റെ കമ്പോള വിലയുടെ ഒന്നര ഇരട്ടി തുക പിഴ ഈടാക്കുന്നതിനു പുറമേ നിയമ നടപടിയും സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
റേഷൻ കാർഡില്ലാത്തവരേയും വിതരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എ. എ.വൈ, പി.എച്ച്.എച്ച്. വിഭാഗങ്ങൾക്ക് നിലവിൽ അർഹതയുള്ള വിഹിതവും പൊതു വിഭാഗത്തിൽ (സബ്സിഡി, നോൺ സബ്സിഡി ) പെട്ടവർക്ക് 15 കിലോഗ്രാം അരിയും ഈ മാസം ലഭിക്കും.15 കിലോ ഗ്രാമിൽ കൂടുതൽ ഭക്ഷ്യ ധാന്യം ലഭിക്കുന്ന നീല കാർഡുടമകൾക്ക് ഇതേ അളവിൽ ഇവ സൗജന്യമായി ലഭിക്കും.
- Log in to post comments