Skip to main content

പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു തുടങ്ങി

 

പായിപ്പാട്ടെ അതിഥി തൊഴിലാളികള്‍ക്ക് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്തു തുടങ്ങി. 

ആദ്യ ദിവസമായ ഇന്നലെ 65 ക്യാമ്പുകളിലെ തൊഴിലാളികള്‍ക്കായി അഞ്ച് മെട്രിക് ടൺ അരിയും 1155 കിലോ വീതം സവാളയും ഉരുളക്കിഴങ്ങും 140 കിലോ പച്ചമുളകുമാണ് വിതരണം ചെയ്തത്. അരി കണ്‍സ്യൂമര്‍ഫെഡും മറ്റിനങ്ങള്‍ ഹോര്‍ട്ടികോര്‍പ്പും ലഭ്യമാക്കി.

 അസിസ്റ്റന്‍റ് കളക്ടര്‍ ശിഖ സുരേന്ദ്രന്‍റെ നേതൃത്വത്തില്‍ ആര്‍.ഡി.ഒ ജോളി ജോസഫ്, തഹസില്‍ദാര്‍ ജിനു പുന്നൂസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സജിത്ത് എന്നിവര്‍ വിതരണത്തിന്‍റെ മേല്‍നോട്ടം വഹിച്ചു. 

 തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും ഓരോ ക്യാമ്പിലെയും തൊഴിലാളികളുടെ പ്രതിനിധിയും എത്തി രേഖയില്‍ ഒപ്പിട്ടു നല്‍കിയാണ് സാധന വാങ്ങിയത്. ക്യാമ്പുകളിലെ തൊഴിലാളികളുടെ എണ്ണം കണക്കാക്കിയായിരുന്നു വിതരണം. 
 
രാവിലെ പത്തിന് തുടങ്ങിയ വിതരണം വൈകുന്നേരം ആറു വരെ നീണ്ടു. ശേഷിക്കുന്ന തൊഴിലാളികള്‍ക്ക് ഇന്ന് ഭക്ഷ്യവസ്തുക്കള്‍ നല്‍കും.
 ജില്ലാഭരണകൂടത്തിന്‍റെ കണക്കനുസരിച്ച് പായിപ്പാട് മേഖലയില്‍ 4035 അതിഥി തൊഴിലാളികളാണുള്ളത്.
ഇവർക്ക്  താത്കാലികമായി  കെട്ടിട ഉടമകള്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കണമെന്നും രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ നേരിട്ട് വിതരണം നടത്തുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ മാര്‍ച്ച് 30ന് ചേര്‍ന്ന യോഗത്തില്‍ അറിയിച്ചിരുന്നു.

 ഇതനുസരിച്ചാണ് ഭക്ഷ്യവസ്തുക്കളുടെ വിതരണത്തിന് ഇന്ന് തുടക്കം കുറിച്ചത്.

date