അതിഥി തൊഴിലാളികളുടെ ലോക്ക് ഡൗൺ 'ബോറടി' മാറ്റാൻ കയ്പമംഗലം ജനമൈത്രി പോലീസ്
സംസ്ഥാനത്ത് ലോക്ക് ഡൗൺ കർശനമായ പശ്ചാത്തലത്തിൽ അന്യസംസ്ഥാന തൊഴിലാളികളടക്കം ആളുകൾ എല്ലാവരും വീടുകളിൽ തന്നെയാണ്. ദിവസങ്ങളായുള്ള വീട്ടിലിരുപ്പ് പലർക്കും മടുപ്പായിട്ടുണ്ടാകും. ഇങ്ങനെ ബോറടിച്ചിരിക്കുന്നവർക്ക് മാനസിക ഉല്ലാസം പകരാൻ രംഗത്ത് വന്നിരിക്കുകയാണ് കയ്പമംഗലം ജനമൈത്രി പോലീസ്. പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കഴിയുന്ന തൊഴിലാളികൾക്ക് വിനോദ കളികളിൽ ഏർപ്പെടാനുള്ള പദ്ധതിയുമായാണ് ഇവർ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കാളമുറി, മൂന്നുപീടിക എന്നിവിടങ്ങളിലെ നാല് ലേബർ ക്യാമ്പുകളിൽ കാരംബോർഡുകൾ വിതരണം ചെയ്തു. കൂടാതെ കോവിഡ് പ്രതിരോധ സന്ദേശവും പുറത്തിറങ്ങരുതെന്ന ഉപദേശവും പോലീസ് പങ്കുവെച്ചു. ലേബർ ക്യാമ്പുകളിൽ ഇവർക്ക് ഭക്ഷണം പാചകം ചെയ്യാൻ ഡീസലിന്റെ ലഭ്യതക്കുറവ് പറഞ്ഞതിനെ തുടർന്ന്, ഡീസലും എത്തിച്ചു നൽകി. കൂടാതെ അവരുടെ ഭക്ഷണരീതിയ്ക്ക് അനുസരിച്ചുള്ള ഭക്ഷ്യവിഭവങ്ങളും എത്തിച്ചു. കയ്പമംഗലം ലാന്റ് 47 എന്ന ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സാധനങ്ങൾ വിതരണം ചെയ്തത്. എസ് ഐ ജയേഷ് ബാലൻ, എ എസ് ഐ സുരേന്ദ്രൻ, ബീറ്റ് ഓഫീസർ ഗോപകുമാർ, സി പി ഒ ലാൽജി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
- Log in to post comments