Skip to main content

കോവിഡ് 19 ഗോസ്തലക്കാവിലെ  കുടിവെള്ള ക്ഷാമത്തിന് പരിഹാരം

തൃക്കരുവ 13-ാം വാര്‍ഡില്‍ ഗോസ്തലക്കാവിലെ  കുടിവെള്ള ക്ഷാമത്തിന് പരിഹാരം. മാസങ്ങളോളമായി രൂക്ഷമായ കുടിവെള്ളക്ഷാമത്തിലായിരുന്നു ഗോസ്തലക്കാവ് നിവാസികള്‍. അധികം ദൂരെയല്ലാതെ തന്നെ കാഞ്ഞാവെളിയില്‍ കേരള വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസ് ഉണ്ടെങ്കില്‍ പോലും ഇവര്‍ക്ക് പൈപ്പിലൂടെ ജലം ലഭിക്കുന്നില്ലായിരുന്നു. ലോക്ക് ഡൗണും വരള്‍ച്ചയും ഒരുമിച്ചായതോടെ ജലം കിട്ടുക എന്നത് കൂടുതല്‍ ദുഷ്‌കരമായതോടെ അസിസ്റ്റന്റ് എഞ്ചിനീയര്‍  ആനന്ദന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തുകയും സമീപത്തുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വാല്‍വുകള്‍ സ്ഥാപിച്ച് ജലവിതരണം നിയന്ത്രിച്ച് പരാതി പ്രദേശത്ത് ജലമെത്തിക്കാന്‍ ശ്രമം നടത്തി. വാല്‍വുകള്‍ സ്ഥാപിക്കുന്നതില്‍ ജലം കിട്ടികൊണ്ടിരുന്നവര്‍ ശക്തമായി എതിര്‍ത്തെങ്കിലും പോലീസ് സഹായത്തോടെ വാല്‍വ് സ്ഥാപിക്കുയായിരുന്നു
എന്നാല്‍ ഇതും പ്രതീക്ഷിച്ചപോലെ പരിഹാരമാകാത്ത സാഹചര്യത്തില്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സന്തോഷ്‌കുമാര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധിക്കുകയും പ്രധാന ലൈനിലെ വെള്ളത്തിന്റെ ലഭ്യത സംബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട പല സ്ഥലങ്ങളിലായി പരിശോധന നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയില്‍ പ്രധാന ലൈനില്‍ ജലലഭ്യത കുറവ് കണ്ടെത്തി. കൂടുതല്‍ പരിശോധന നടത്തിപ്പോള്‍ പ്രധാന ലൈനില്‍ ജലം നിയന്ത്രിക്കാനായി പണ്ടെങ്ങോ സ്ഥാപിച്ച റെഡ്യൂസറില്‍ കല്ല് വന്നടിഞ്ഞ് ജലത്തിന്റെ ഒഴുക്ക് തടസപ്പെട്ടതായി കണ്ടു. തടസങ്ങള്‍ മാറ്റി റെഡ്യൂസറും ഒഴിവാക്കിയപ്പോള്‍ പ്രധാന ലൈനില്‍ നിന്നും ഗോസ്തലക്കാവ് നിവാസികള്‍ക്ക് ജലം കിട്ടിതുടങ്ങി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജോലിക്കാരെ കിട്ടുന്നതുള്‍പ്പടെയുള്ള നിരവധി തടസങ്ങള്‍ക്കും പരിമിതികള്‍ക്കിടയിലും ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ അശ്രാന്ത പരിശ്രമത്തിലൂടെ ഗോസ്തലക്കാവ് നിവാസികളുടെ ദുരിതത്തിന് അറുതിയായി. ജല അതോറിറ്റിക്ക് മനസുനിറയെ നന്ദി പറയുകാണ് നാട്ടുകാര്‍ ഇപ്പോള്‍.
(പി.ആര്‍.കെ. നമ്പര്‍. 1201/2020)

date