Skip to main content

ഉദ്യോഗസ്ഥ ഭരണസംവിധാനം കാര്യക്ഷമമായാല്‍ പരാതികള്‍ കുറയും:  ജില്ലാ കളക്ടര്‍

ഉദ്യോഗസ്ഥ ഭരണസംവിധാനം കാര്യക്ഷമമായാല്‍ പൊതുജനങ്ങളുടെ പരാതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ പറഞ്ഞു. മല്ലപ്പള്ളി സെന്‍റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്സ് വലിയ പള്ളി പാരീഷ് ഹാളില്‍ മല്ലപ്പള്ളി താലൂക്ക് തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. 
ഉദ്യോഗസ്ഥ ഭരണസംവിധാനം കാര്യക്ഷമമല്ലാത്തതുകൊണ്ടാണ് പരാതികളെല്ലാം കളക്ടറുടെ പക്കലേക്ക് എത്തുന്നത്. താഴെത്തട്ടിലുള്ള ഓഫീസുകളില്‍ പരാതി കൃത്യമായി പരിഹരിക്കുകയും പറ്റാത്തത് കളക്ടര്‍ക്കു നല്‍കുകയും ചെയ്യണം. കളക്ടര്‍ക്കു പറ്റാത്തത് സര്‍ക്കാരിലേക്ക് നല്‍കണം. ഈ സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചാല്‍ പരാതികള്‍ പരിഹരിക്കുന്നതിന് ജനങ്ങള്‍ വിഷമിച്ചു നടക്കേണ്ടി വരില്ല. പഞ്ചായത്തുകളില്‍ സെക്രട്ടറിമാര്‍ക്ക് തീരുമാനം സ്വതന്ത്രമായി എടുക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. വില്ലേജ് ഓഫീസുകളില്‍ പരാതികളുമായെത്തുന്നവരുടെ പ്രശ്നങ്ങള്‍ കൃത്യമായി കേട്ട് പരിഹാരം പറഞ്ഞു കൊടുക്കാനുള്ള ക്ഷമയില്ലായ്മയും അറിവില്ലായ്മയും ഉണ്ട്. താലൂക്കിലും ആര്‍ഡിഒ ഓഫീസുകളിലും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെന്നു പറഞ്ഞ് ആളുകള്‍ കളക്ടറുടെ അടുത്ത് എത്താറുണ്ട്. 
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പത്തനംതിട്ടയില്‍ ജില്ലാതലത്തില്‍ പരാതിപരിഹാര അദാലത്ത് നടത്തി. ഇതിനു ശേഷം മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ഓഗസ്റ്റില്‍ ജില്ലയിലെ എല്ലാ താലൂക്കു തലത്തിലും പരാതി പരിഹാര അദാലത്ത് നടത്തി. പരിഹരിച്ച പരാതികളുടെ എണ്ണവും പരിഹരിക്കാന്‍ കഴിയാത്ത പരാതികളുമെല്ലാം വിലയിരുത്തിയിരുന്നു. റേഷന്‍ കാര്‍ഡ് ബിപിഎല്‍ ആക്കുന്നതുമായി ബന്ധപ്പെട്ടതും റീസര്‍വേയിലെ അപാകത സംബന്ധിച്ച പരാതികളുമായിരുന്നു ഈ അദാലത്തുകളില്‍ കൂടുതലായി ലഭിച്ചത്. ഇപ്രാവശ്യത്തെ അദാലത്തുകളില്‍ റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികള്‍ പരിഗണിക്കേണ്ടതില്ലെന്ന നിര്‍ദേശം ലഭിച്ചിട്ടുണ്ട്. മാസത്തില്‍ ഒരു ദിവസം താലൂക്ക് തലത്തില്‍ അദാലത്ത് നടത്തി പരാതികള്‍ പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം തിരുവല്ലയിലും അടൂരും താലൂക്ക് തല അദാലത്തുകള്‍ നടത്തി. താലൂക്ക് തലത്തിലുള്ള മൂന്നാമത്തെ അദാലത്താണ് മല്ലപ്പള്ളിയിലേതെന്നും കളക്ടര്‍ പറഞ്ഞു. 
തിരുവല്ല ആര്‍ഡിഒ ടി.കെ. വിനീത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ലാന്‍ഡ് അക്വിസിഷന്‍ ഡെപ്യുട്ടി കളക്ടര്‍ എന്‍. ജയശ്രീ, മല്ലപ്പള്ളി തഹസീല്‍ദാര്‍ കെ.വിജയന്‍, ഭൂരേഖ തഹസീല്‍ദാര്‍ ആശ ആര്‍. നായര്‍, സീനിയര്‍ സൂപ്രണ്ട് ഉഷ, വിവിധ വകുപ്പുകളിലെ താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 
നേരത്തെ ലഭിച്ച 36 പരാതികളും പുതുതായി ലഭിച്ച 36 പരാതികളും ഉള്‍പ്പെടെ 72 പരാതികളാണ് അദാലത്തില്‍ പരിഗണിച്ചത്. പുതിയതായി ലഭിച്ച പരാതികള്‍ വകുപ്പ് തിരിച്ച് പഞ്ചായത്ത് ഏഴ്, റവന്യു-23, ഇറിഗേഷന്‍-ഒന്ന്, വാട്ടര്‍ അതോറിറ്റി -മൂന്ന്, സിവില്‍ സപ്ലൈസ്-ഒന്ന്, സഹകരണം-ഒന്ന്.                                (പിഎന്‍പി 381/18)

date