Skip to main content

​​​​​​​അന്തര്‍സംസ്ഥാന യാത്രകളും ജനങ്ങളുടെ ആരോഗ്യസ്ഥിതിയും അറിയുന്നതിന് അതിര്‍ത്തി പഞ്ചായത്തുകളില്‍ ആരോഗ്യവകുപ്പ് സര്‍വേ നടത്തി

 

 

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് അന്തര്‍സംസ്ഥാന യാത്രകള്‍ ഏറെ നടന്നിരിക്കാന്‍ സാധ്യതയുള്ള അതിര്‍ത്തി പഞ്ചായത്തുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സര്‍വ്വേ നടത്തിയതായി ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ ഡി.ബാലമുരളി അറിയിച്ചു. പഞ്ചായത്ത് നിവാസികള്‍ രണ്ടു മാസത്തിനുള്ളില്‍ നടത്തിയ യാത്രകള്‍, വിവിധ പ്രായത്തിലുള്ള ആളുകളുടെ ആരോഗ്യസ്ഥിതി, രോഗസാധ്യത തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനാണ് സര്‍വ്വേ നടത്തിയത്. ലോക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പട്ടഞ്ചേരി, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, എരുത്തേമ്പതി, വടകരപ്പതി, മുതലമട, പുതുശ്ശേരി, ഷോളയൂര്‍, പുതൂര്‍, എലപ്പുള്ളി എന്നീ പഞ്ചായത്തുകളിലും മുതലമടയിലെ പതിനൊന്നാം വാര്‍ഡായ പറമ്പിക്കുളത്തുമാണ് ഏപ്രില്‍ 16 മുതല്‍ സര്‍വ്വേ നടത്തിയത്. മുതലമടയിലെയും പറമ്പിക്കുളത്തെ രണ്ടു ഊരുകളിലെയും സര്‍വ്വേ പൂര്‍ത്തിയാക്കാനുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ അന്തര്‍സംസ്ഥാന യാത്ര നടത്തിയവര്‍, അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍, അവരുടെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയിട്ടുള്ള തൊഴിലാളികള്‍, സ്ഥിരതാമസക്കാര്‍, ബന്ധുക്കള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇതുപ്രകാരം ആളുകളെ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കുകയും ഏപ്രില്‍ 22 മുതല്‍ സാമ്പിള്‍ ശേഖരണം നടത്തി വരികയും ചെയ്യുന്നുണ്ട്.
കൂടാതെ രോഗപ്രതിരോധശേഷി സംബന്ധിച്ച് അറിയുന്നതിന് 10 വയസ്സിനു താഴെയും 60 വയസ്സിന് മുകളിലുള്ള ആളുകളുടെ കണക്കുകള്‍, വിവിധ അസുഖബാധിതര്‍, സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ എന്നിവരുടെ വിവരങ്ങളും എടുത്തിട്ടുണ്ട്. ജില്ലാ ട്യൂബര്‍കുലോസിസ് ഓഫീസര്‍ എ.കെ അനിതയാണ് സര്‍വ്വേ കോര്‍ഡിനേറ്റ് ചെയ്തത്. അതാത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരാണ് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ കോളേജുകളിലെ ഹൗസ് സര്‍ജന്‍മാര്‍,ഡോക്ടര്‍മാര്‍, ആശാവര്‍ക്കര്‍മാര്‍, ആരോഗ്യ സേന വളണ്ടിയര്‍മാര്‍, അംഗനവാടി വര്‍ക്കര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് സര്‍വ്വെ സംഘടിപ്പിച്ചത്.

date