Skip to main content

പന്നിയെ വെടിവയ്ക്കാനുള്ള ഉത്തരവ് നടപ്പാക്കിയ വനംവകുപ്പ്  ഉദ്യോഗസ്ഥരെ ജനീഷ് കുമാര്‍ എംഎല്‍എ അഭിനന്ദിച്ചു

 

കൃഷി നശിപ്പിക്കുന്നതും മനുഷ്യനെ ആക്രമിക്കുന്നതുമായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ കോന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ. ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം അറുനൂറില്‍ അധികം നിവേദനങ്ങളാണ് പന്നി ശല്യം കാരണം കൃഷി നടത്താന്‍ കഴിയുന്നില്ല എന്ന പരാതിയായി ലഭിച്ചത്. നിരവധി ഫോണ്‍ കോളുകളും ഓരോ ദിവസവും ലഭിച്ചു.

        കോന്നി മലയോര കര്‍ഷിക മേഖലയാണ്. ഇവിടത്തെ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്‌നം കാട്ടുപന്നി ശല്യമാണ്. എല്ലാ കൃഷിയും കാട്ടുപന്നി നശിപ്പിക്കുന്ന സ്ഥിതിയാണ്. സംരക്ഷണവേലി നിര്‍മിച്ച് കൃഷി നടത്തേണ്ടി വരുന്നതുമൂലം കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് അധിക ചെലവായി വരുന്നത്.

     കാട്ടുപന്നി ആക്രമണംമൂലം ജീവന്‍പോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. നിരവധി ആളുകള്‍ക്ക് പരുക്കേറ്റ് തൊഴിലെടുക്കാന്‍ കഴിയാത്ത സ്ഥിതിയായി. ഇങ്ങനെ പ്രതിസന്ധിയിലായ കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം പകര്‍ന്നാണ് വനം വകുപ്പ് സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി കോന്നിയില്‍ അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലാനുള്ള ഉത്തരവ് നടപ്പാക്കിയത്. ഡിഎഫ്ഒ  ശ്യാം മോഹന്‍ലാലിന്റെ ഉത്തരവ് കോന്നി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സലിന്‍ ജോസ് ആണ് നടപ്പാക്കിയത്. ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എസ്.സനോജ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഡി.വിനോദ് എന്നിവരും റേഞ്ച് ഓഫീസര്‍ക്ക് സഹായികളായി ഉണ്ടായിരുന്നു. ഉത്തരവ് നടപ്പാക്കിയ ഡിഎഫ്ഒയ്ക്കും ടീമിനും കോന്നിയിലെ കര്‍ഷക ജനതയുടെ പേരിലും ജനപ്രതിനിധി എന്ന നിലയിലും നന്ദി അറിയിക്കുന്നതായും എംഎല്‍എ പറഞ്ഞു.

date