Skip to main content

ജില്ലയിൽ ഡെങ്കിപ്പനി ദിനം ആചരിച്ചു

ദേശീയ ഡെങ്കി ദിനത്തിനോടനുബന്ധിച്ചു ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ ഡെങ്കിദിനാചരണം നടത്തി. ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി എഡിഎം റെജി പി ജോസഫിനെ ബാഡ്ജ് അണിയിച്ചു. കോപ്പറേഷൻ തല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം എൽ റോസി നിർവ്വഹിച്ചു. ചടങ്ങിൽ ആർസിഎച്ച് ഓഫീസർ ഡോ. ഉണ്ണികൃഷ്ണൻ, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ, മലേറിയ ഓഫീസർ അബ്ദുൽ ജബ്ബാർ എന്നിവർ പങ്കെടുത്തു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കും. ജില്ലയിലുടനീളം പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ നേതൃത്വത്തിൽ എല്ലാ മേഖലകളിലും ഉറവിടനശീകരണ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും നടത്തി. ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ പൊങ്ങണംകാട് മേഖലയിൽ കൊതുകു സാന്ദ്രതപഠനവും നടത്തി.
'ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം' എന്നതാണ് ഇത്തവണത്തെ ഡെങ്കു ദിന സന്ദേശം. കഴിഞ്ഞ വർഷം മാത്രം 113 ഡെങ്കിപ്പനി കേസുകളും ഈ വർഷം തുടക്കത്തിൽ തന്നെ 27 കേസുകളും തൃശൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ചാൽ മാത്രം മതി ഡെങ്കിപനിയെ ഇല്ലാതാക്കാൻ. ഡെങ്കിപനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. ചുറ്റുമുള്ള പാഴ് വസ്തുക്കളിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മാത്രമല്ല, എസിയുടെയും, ഫ്രിഡ്ജിന്റെയും ട്രേ, വെള്ളം ശേഖരിച്ചുവെച്ചിരിക്കുന്ന പാത്രങ്ങൾ, സൺഷേഡ്, ടാർപോളിൻ, പൂച്ചെട്ടി, പൂച്ചെട്ടികളുടെ ട്രേ, മണിപ്ലാന്റ് പോലെ അലങ്കാര ചെടികൾ വെയ്ക്കുന്ന ചെടിചട്ടികൾ, വീടുകളിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകളിൽ കെട്ടികിടക്കുന്ന വെള്ളം എന്നിവയാണ് ആരോഗ്യ പ്രവർത്തകർ വീടുകളിൽ നടത്തിയ പരിശോധനയിൽ കണ്ടത്തിയ പ്രധാന ഉറവിടങ്ങൾ. റബർ, പൈനാപ്പിൾ തോട്ടങ്ങളിലും കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഏറെയാണ്. പൈനാപ്പിളിന്റെ കൂമ്പ്, റബർ തോട്ടങ്ങളിൽ വീണു കിടക്കുന്നതും ടാപ്പിങ്ങിനു ശേഷം കമിഴ്ത്തി വെയ്ക്കാത്തതുമാ ചിരട്ടകൾ, റബർ തോട്ടങ്ങളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എന്നിവയിലും വെള്ളം കെട്ടി കിടന്ന് കൊതുകു പെരുകുന്നതിനുള്ള സാദ്ധ്യത കൂടുതലാണ്.
ലോക്ക് ഡൗൺ കാലമായതിനാൽ പൂട്ടി കിടക്കുന്ന സ്ഥാപനങ്ങളിൽ സാധന സാമഗ്രികളിലും മറ്റും കെട്ടികിടക്കുന്ന വെള്ളത്തിലും ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റ ഭാഗമായി കൈകഴുകൽ സൗകര്യം ഒരുക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള അടപ്പില്ലാത്ത ബാരലുകളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കൽ ഉറവിടനശീകരണം നടത്തേണ്ടത് അത്യാവശ്യമാണ്. പൂച്ചെട്ടികളിൽ വെള്ളം കെട്ടികിടക്കാതിരിക്കാനും ശ്രദ്ധിക്കണം. പൂച്ചെട്ടിയുടെ ട്രേ, മണി പ്ലാന്റ പോലെയുള്ള അലങ്കാര ചെടികൾ വെയ്ക്കുന്ന ചട്ടികളിലെ വെള്ളം, ആഴ്ചയിലൊരിക്കൽ മാറ്റണം. ഉപയോഗിക്കാത്ത ക്ലോസറ്റ് ആഴ്ചയിലൊരിക്കൽ ഫ്‌ളഷ് ചെയ്യണം. റബർ തോട്ടത്തിന്റെ 200 മീറ്റർ ചുറ്റളവിൽ മാലിന്യങ്ങൾ ഇല്ലായെന്ന് ഉറപ്പു വരുത്തേണ്ടതാണ്. വീണു കിടക്കുന്ന ചിരട്ടകൾ നീക്കം ചെയ്യുകയും ടാപ്പിങ്ങിനു ശേഷം ചിരട്ടകൾ കമിഴ്ത്തിവെയ്ക്കുകയും വേണം. ഹാർബറുകളിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും തുറസ്സായ സ്ഥലങ്ങളിൽ വെച്ചിരിക്കുന്ന പെട്ടികളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ ബോട്ടുകളിൽ കെട്ടി കിടക്കുന്ന വെള്ളം ആഴ്ചയിലൊരിക്കൽ ഒഴുക്കി കളയണം. പെട്ടികൾ ഉപയോഗിക്കാത്ത സമയത്ത് കമിഴ്ത്തി വെയ്ക്കണം. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകൾ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാൻ ഒരാഴ്ച സമയമെടുക്കും. അതുകൊണ്ട് ആഴ്ചതോറുമുള്ള ഉറവിട നശീകരണം നടത്തി കൊതുക് ജന്യ രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം.

date