പ്രവാസികൾക്ക് ക്വാറന്റെയിൻ: കെട്ടിടങ്ങൾ ഏറ്റെടുക്കും
കൊടുങ്ങല്ലൂരിൽ പ്രവാസികൾക്ക് ക്വാറന്റെയിൻ സൗകര്യമൊരുക്കുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ നിയമപരമായി ഏറ്റെടുക്കാൻ തീരുമാനം. കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിൽ അഡ്വ.വി ആർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. അടിയന്തിര സാഹചര്യം വന്നാൽ രോഗികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, അവിടെയുള്ള മറ്റ് രോഗികളെയും പ്രസവത്തിന് വരുന്ന സ്ത്രീകളെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ഇക്കാര്യത്തിൽ ഐ.എം.എ.യുടെ സഹായ സഹകരണങ്ങൾ പൂർണ്ണമായും ഉണ്ടാകുമെന്ന് ഐ.എം.എ പ്രതിനിധി യോഗത്തിൽ അറിയിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പ്രവാസികൾക്ക് വീട്ടിൽ നിർദ്ദിഷ്ട സൗകര്യങ്ങളുണ്ടെങ്കിൽ ഹോംക്വാറന്റെയിൻ അനുവദിക്കും. സൗകര്യങ്ങളില്ലാത്തവർക്ക് പെയ്ഡ് കൊറന്റയിന്‌സൗകര്യപ്രദമായ മുറികൾ ലഭ്യമാക്കും.
നഗരസഭയിൽ ഇപ്പോൾ 80 പേർ വീടുകളിലും 2 പേർ സ്ഥാപനങ്ങളിലും നിരീക്ഷണത്തിലുണ്ട്. സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് അണു നശീകരണം നടത്തുവാൻ ഫയർ ആൻഡ് റസ്‌ക്യുവിഭാഗത്തെ യോഗം ചുമതലപ്പെടുത്തി. ഡെങ്കിപ്പനി തുടങ്ങിയ മഴക്കാല പകർച്ചവ്യാധികളെ പ്രതിരോധിക്കുന്ന കൊതുക് നശീകരണം ഉൾപ്പെടെയുള്ള പ്രവർത്തനം ഊർജ്ജിതമാക്കുവാനും യോഗം തീരുമാനിച്ചു.
നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ, തഹസിൽദാർ കെ രേവ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി വി റോഷ്, ഐഎംഎ പ്രസിഡന്റ് ഡോ നാസർ, നഗരസഭ സെക്രട്ടറി ടി കെ സുജിത്, വൈസ് ചെയർപേഴ്സൺ ഹണി,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments