Skip to main content

ഇന്ന് അബുദബി- കരിപ്പൂര്‍ പ്രത്യേക വിമാനം നാട്ടിലെത്തും

 

രാത്രി 11.30ന്., മൊത്തം 187 യാത്രക്കാര്‍

 

നാട്ടിലേക്ക് വരാന്‍ കാത്തിരിക്കുന്ന 187 പ്രവാസികളുമായി ഐ.എക്സ് 0348 എന്ന പ്രത്യേക വിമാനം ഇന്ന്(മെയ് 16) അബുദബിയില്‍ നിന്ന് രാത്രി 11.30ന് കരിപ്പൂരിന്റെ മണ്ണിലിറങ്ങും. കോവിഡ് 19 വിതയ്ക്കുന്ന നാശത്തിന്റെ ദൈന്യതകള്‍ക്കിടയിലും  പ്രിയപ്പെട്ടവരെ കാത്തിരിക്കുന്ന നാട്ടിലുള്ള ഉറ്റവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തിയാകും പ്രത്യേക വിമാനം റണ്‍വേ തൊടുക.  കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ നിന്നുള്ള 185 പ്രവാസികള്‍ക്ക് പുറമെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഈ വിമാനത്തിലുണ്ടാകും. 
ഇന്ന് നാട്ടിലെത്തുന്ന പ്രവാസികളില്‍ പ്രത്യേക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന  65 വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ച് പേരും 10 വയസ്സിന് താഴെ പ്രായമുള്ള 23 കുട്ടികളും 21 ഗര്‍ഭിണികളും അത്യാവശ്യ ചികിത്സകള്‍ക്കായി നാട്ടിലെത്തുന്ന 47 പേരും ഉറ്റബന്ധുക്കളുടെ മരണം ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായി എത്തുന്ന 18 പേരും ഉണ്ട്. മലപ്പുറം സ്വദേശികളായ 93 പേര്‍ ഈ വിമാനത്തില്‍ നാടിന്റെ സുരക്ഷിതത്വത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഇന്ന് നാട്ടിലെത്തുന്ന പ്രവാസികളുടെ മറ്റ് ജില്ലകള്‍ തിരിച്ചുള്ള കണക്ക് ചുവടെ

 

ആലപ്പുഴ- ഒന്ന്
എറണാകുളം -ഒന്ന്
കണ്ണൂര്‍- 13
കൊല്ലം- രണ്ട്
കോഴിക്കോട്-51
പാലക്കാട്- 16
തൃശൂര്‍- ഒന്ന്
വയനാട്- ഏഴ് 

ഇവരെ കൂടാതെ തമിഴ്നാട്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരും ഇന്ന് കരിപ്പൂരിലെത്തുമെന്നാണ് കരുതുന്നത്.
 

date