കോവിഡ് കെയര്‍ സെന്ററുകളില്‍ സേവനവുമായി യൂത്ത് വോളന്റിയേഴ്‌സ്
വിദേശ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്കെത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ സേവനത്തിന് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് വോളന്റിയേഴ്‌സ് സജീവ സാന്നിദ്ധ്യമായി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ബ്ലോക്ക് തല കോവിഡ് ഏകോപന സമിതികളുടേയും നേതൃത്വത്തിലാണ് കോവിഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പ്രാദേശിക ആരോഗ്യ കേന്ദ്രങ്ങളായ സി.എച്ച്.സി., പി.എച്ച്.സി. എന്നിവിടങ്ങളില്‍ നിന്നുള്ള അടിയന്തിര സേവനങ്ങളും പരിശോധനകളും ലഭ്യമാക്കിയിട്ടുണ്ട്.
എന്നാല്‍ ഓരോ കോവിഡ് കെയര്‍ സെന്ററുകളിലും മുഴുവന്‍ സമയ വും പ്രവര്‍ത്തിക്കുന്നത് യുവജന ക്ഷേമ ബോര്‍ഡിന്റെ യൂത്ത് വോളന്റിയേഴ്‌സാണ്. ഇതിന് ഇവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിട്ടുണ്ട്. ഇവിടെ നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം മുറികളിലാണ് പാര്‍പ്പിക്കുന്നത്. ഇവര്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാന ആവശ്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തിലാണ് ലഭ്യമാക്കുന്നത്. എന്നാല്‍ സെന്ററുകളിലെത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ഓരോരുത്തര്‍ക്കും മുറികളിലെത്തിച്ച് നല്‍കുന്നത് വോളന്റിയേഴ്‌സാണ്.
തൊടുപുഴ താലൂക്കില്‍ പത്ത് വനിതകളുള്‍പ്പെടെ 57 വോളന്റിയേഴ്‌സ് ഉണ്ട്. ഒരേ സമയം രണ്ട് വോളന്റിയേഴ്‌സ് ഒരു കേന്ദ്രത്തിലുണ്ടാവും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് സേവനം. വനിതകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കേന്ദ്രങ്ങളില്‍ സ്ത്രീ വോളന്റിയര്‍മാരാണുള്ളത്. കൂടാതെ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നുള്ള ഭക്ഷണ വിതരണം, മരുന്ന് എത്തിച്ച് നല്‍കല്‍, ശുചീകരണം, പച്ചക്കറി വിത്ത് വിതരണം, കിറ്റ് പാക്കിംഗ്, രക്തദാനം, റേഷന്‍ കടകളില്‍ സാമൂഹിക അകലം പാലിക്കുന്നതിന് വോളന്റിയര്‍മാരായി തുടങ്ങി നിരവധി സേവനങ്ങളിലും യൂത്ത് വോളന്റിയര്‍മാര്‍ സജീവ സാന്നിധ്യമാണ്.
- Log in to post comments