Skip to main content

സുഭിക്ഷ കേരളം: വേങ്ങര ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍   എട്ട് കോടി രൂപയുടെ വിവിധ പദ്ധതികള്‍

 

ഭക്ഷ്യ സുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിക്കായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ എട്ട് കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് രൂപം നല്‍കി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചാക്കീരി അഹമ്മദ് ഹഖിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി വേങ്ങര ബ്ലോക്കിന് കീഴിലുള്ള തരിശ് ഭൂമികള്‍ പരമാവധി കൃഷിയോഗ്യമാക്കുകയും പൊതുസ്ഥലങ്ങളില്‍ ജലസേചനം ലക്ഷ്യമാക്കി കുളങ്ങള്‍ നിര്‍മിക്കുകയും നിലവിലുള്ളവ നവീകരിക്കുകയും ചെയ്യും. കൂടാതെ വ്യക്തികള്‍ക്ക് കുളങ്ങള്‍ നിര്‍മിച്ചു നല്‍കും.

കൃഷി, മൃഗസംരക്ഷണം, മത്സ്യ ബന്ധനം, ക്ഷീരവികസനം, കുടുംബശ്രീ, മൈനര്‍ ഇറിഗേഷന്‍ തുടങ്ങിയ വകുപ്പകള്‍ സംയോജിപ്പിച്ചാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകൃഷി ആരംഭിക്കും. മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ വകുപ്പുകളുടെ മേല്‍നോട്ടത്തില്‍ പശു, ആട്, കോഴികള്‍ തുടങ്ങിയവയ്ക്ക് കൂടുകള്‍ നിര്‍മിക്കുന്നതിനുള്ള ധനസഹായവും ലഭിക്കും. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഭൂമികളിലും നഴ്സറികള്‍ സ്ഥാപിക്കുന്നതിനും യോഗം തീരുമാനിച്ചു.

പ്രധാനമന്ത്രിയുടെ കൃഷി സിഞ്ചായി യോജന പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമികളെ കൃഷി യോഗ്യമാക്കാനായി മൂന്ന് കോടി രൂപയുടെ ചെലവില്‍ ചെക്ക് ഡാം, കുളങ്ങള്‍, തോട് തുടങ്ങിയവ നിര്‍മിച്ചു നല്‍കും. കൂടാതെ  ഒരു കര്‍ഷകന് ഒരു ഏക്കറിന് 24,000 രൂപ തോതില്‍ കപ്പ, വാഴ, നെല്ല്, തണ്ണി മത്തന്‍, മധുരക്കിഴങ് എന്നിവ കൃഷി ചെയ്യുന്നതിനായി 20 ലക്ഷം രൂപ ധനസഹായവും നല്‍കും. ആട്, പശു, എന്നിവ വളര്‍ത്താന്‍ ഉദ്ദേശിക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഫാം നിര്‍മിക്കാനായി 50 ശതമാനം സബ്സിഡിയും അനുവദിക്കും.

ജെ.എല്‍. ജി. ഗ്രൂപ്പുകള്‍ക്ക് തരിശ് ഭൂമികളില്‍ കൃഷി ഇറക്കാന്‍ റിവോള്‍വിങ്ങ് ഫണ്ട് ഉപയോഗപ്പെടുത്തി കൃഷി ഇറക്കാന്‍ 25,000 രൂപ വീതവും അനുവദിക്കും. കൂടാതെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ഫല വൃക്ഷത്തോട്ടം നിര്‍മ്മിക്കാന്‍ 13 ലക്ഷവും നല്‍കും.

തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കുക, ഉത്പാദന വര്‍ധനവിലൂടെ കര്‍ഷകര്‍ക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് യുവാക്കളെയും തിരിച്ചു വരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകര്‍ഷിക്കുക, മൃഗപരിപാലനം മത്സ്യ ബന്ധനം തുടങ്ങിയ മേഖലകള്‍ അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
 

date