Skip to main content

സുഭിക്ഷ

3,860 കോടി രൂപയുടെ ബൃഹത്തായ കാർഷികപദ്ധതി.

കോവിഡനന്തരകാലത്തെ അതിജീവനത്തിന്റെ പോർമുഖം.

കൃഷി – 1449 കോടിരൂപ, ക്ഷീരവികസനം – 215 കോടിരൂപ, മൃഗസംരക്ഷണം - 118 കോടിരൂപ, മത്സ്യക്കൃഷി – 2078 കോടിരൂപ.

സംസ്ഥാനത്തു തരിശു കിടക്കുന്ന മുഴുവൻ ഭൂമിയിലും കൃഷിയിയിറക്കും.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, ഫിഷറീസ്, ജലസേചനം, സഹകരണം, വ്യവസായം, പട്ടികജാതി-പട്ടികവര്‍ഗ്ഗക്ഷേമം തുടങ്ങിയ വകുപ്പുകൾ കൈകോർക്കുന്നു.

ലക്ഷ്യം:

കാര്‍ഷികമേഖലയ്ക്കു പുതുജീവൻ നല്കി കൃഷിക്കാരുടെ വരുമാനം വർദ്ധിപ്പിക്കുക, യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, പ്രവാസം അവസാനിപ്പിക്കുന്നവരെക്കൂടി കാര്‍ഷികരംഗത്തേക്കു കൊണ്ടുവരിക, കന്നുകാലിസമ്പത്തിന്റെ വർദ്ധന, പാലിന്റെയും മുട്ടയുടെയും ഉത്പാദനവർദ്ധന, മത്സ്യക്കൃഷി അഭിവൃദ്ധിപ്പെടുത്തൽ തുടങ്ങിയവ.

പ്രധാനഘടകങ്ങൾ:

കൃഷി ചെയ്യുന്നവർക്കു വായ്പയും സബ്സിഡിയും മറ്റു പിന്തുണയും * സംഭരണത്തിനു ശീതീകരണസംവിധാനം ഒരുക്കും * വിപണനത്തിനും വൻപദ്ധതി: ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാർഷികച്ചന്തകൾ സംഘടിപ്പിക്കും; ഇതിനു കാര്‍ഷികസംഘങ്ങള്‍ക്കും കുടുംബശ്രീ പോലുള്ള ഏജൻസികള്‍ക്കും സര്‍ക്കാര്‍ സഹായം നല്കും * കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കു വ്യവസായവകുപ്പിന്റെ പദ്ധതി * ഭക്ഷ്യോത്പാദനവർദ്ധനയ്ക്കും കാര്‍ഷികമേഖലയിൽ കുതിച്ചുചാട്ടം കൈവരിക്കുന്നതിനും യുവജനപ്രാതിനിധ്യം ഉറപ്പാക്കാൻ ക്ലബ്ബുകൾ രജിസ്റ്റർ ചെയ്യും.

ധനസഹായം:

കോവിഡ്-19 പശ്ചാത്തലത്തിൽ കേരളത്തിലെ കാര്‍ഷികമേഖലയ്ക്കു നബാര്‍ഡ് അനുവദിച്ച 2500 കോടി രൂപയുടെ വായ്പ സുഭിക്ഷകേരളം പദ്ധതി വിജയിപ്പിക്കാൻ ഫലപ്രദമായും സമയബന്ധിതമായും വിനിയോഗിക്കും. ഒരു വര്‍ഷത്തേക്കാണ് നബാര്‍ഡിന്റെ വായ്പ.  ഇതിൽ 1500 കോടിരൂപ കേരള ബാങ്ക് വഴിയും 1000 കോടി രൂപ കേരള ഗ്രാമീണ ബാങ്ക് വഴിയും വായ്പയായി നല്കും. പ്രാഥമിക കാര്‍ഷിക സഹകരണസംഘങ്ങൾ വഴിയായിരിക്കും കൃഷിക്കാരിലേക്കു വായ്പ എത്തുക.

കേരള ബാങ്കിന് അനുവദിച്ച 1500 കോടിയിൽ 990 കോടിരൂപ കൃഷിയുത്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലകളിൽ പ്രവര്‍ത്തനമൂലധനത്തിനുമാണ്. ബാക്കി 510 കോടിരൂപ സ്വയംതൊഴിൽ, കൈത്തറി, കരകൗശലം, കാര്‍ഷികോത്പന്നസംസ്കരണം, ചെറിയ കച്ചവടം മുതലായവയ്ക്കു പ്രവര്‍ത്തനമൂലധനമായി നല്കും.

മേല്പറഞ്ഞ വായ്പയ്ക്കുപുറമെ, ദീര്‍ഘകാല ഗ്രാമീണവായ്പാ ഫണ്ടായി കേരളത്തിന് 1600 കോടിരൂപയും ലഭിക്കും. ഇതിൽ 500 കോടി കേരളബാങ്കിനും 500 കോടി കേരള ഗ്രാമീണ ബാങ്കിനും 600 കോടി കേരള ലാൻഡ് ഡവലപ്മെന്റ് ബാങ്കിനുമാണ്.

‘സുഭിക്ഷ’യെപ്പറ്റി മുഖ്യമന്ത്രി പറഞ്ഞത്: “കാര്‍ഷികമേഖലയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ പഴയരീതികളില്‍നിന്നു മാറാൻ കേരളം തയ്യാറെടുക്കുകയാണ്. കൃഷിയിൽ താത്പര്യമുള്ള എല്ലാവര്‍ക്കും കൃഷി നടത്താൻ കഴിയണം. ഭൂമിയുടെ ഉടമസ്ഥത നോക്കാതെ സ്വയംസഹായസംഘങ്ങള്‍ക്കും പാടശേഖരസമതികള്‍ക്കും കര്‍ഷകരുടെ കൂട്ടായ്മയ്ക്കും കുടുംബശ്രീയ്ക്കുമെല്ലാം വായ്പ നല്കാൻ കേരള ബാങ്കും പ്രാഥമിക കാര്‍ഷിക സംഘങ്ങളും ശ്രദ്ധിക്കണം. പശുവളര്‍ത്തൽ, പന്നിവളര്‍ത്തൽ, മത്സ്യക്കൃഷി എന്നിവയ്ക്കും എളുപ്പത്തിൽ വായ്പ കിട്ടുന്ന സ്ഥിതിയുണ്ടാകണം. കേരളത്തിൽ വീടുകൾ കേന്ദ്രീകരിച്ചു മത്സ്യം വളര്‍ത്തൽ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയാണു സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്.”

 

ഭദ്രത

3,434 കോടി രൂപയുടെ സഹായം.

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കുള്ള പുനരുജ്ജീവനപാക്കേജ്.

നിലവിൽ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു നല്കുന്ന അധികവായ്പയ്ക്കു മാര്‍ജിൻ മണി സഹായവും പലിശയിളവും.

കെഎസ്ഐഡിസിയും കിന്‍ഫ്രയും വായ്പാകുടിശികയ്ക്ക് ഒറ്റത്തവണതീര്‍പ്പാക്കൽ നടപ്പാക്കും.

സംരംഭങ്ങൾക്കു വായ്പാപലിശ തിരിച്ചടവിന് ആറുമാസം സമയം നീട്ടിനല്കും.

വ്യവസായവകുപ്പിനുകീഴിലെ സ്റ്റാൻഡാര്‍ഡ് ഡിസൈൻ ഫാക്ടറികളിൽ മൂന്നുമാസം വാടക ഒഴിവാക്കും.

വ്യവസായപ്പാര്‍ക്കുകളിലെ പൊതുസൗകര്യങ്ങൾ ഉപയോഗിക്കാൻ സംരംഭകരില്‍നിന്ന് ഈടാക്കുന്ന വാടക മൂന്നുമാസത്തേക്ക് ഒഴിവാക്കും.

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കു മൂലധനത്തിനു പ്രത്യേകവായ്പ.

എംഎസ്എംഇകളില്‍പ്പെട്ട ഉത്പാദനവ്യവസായങ്ങൾക്കു പലിശസബ്സിഡി.

വൈവിദ്ധ്യവല്‍ക്കരണത്തിനും വികസനത്തിനും എടുക്കുന്ന വായ്പയുടെ പലിശയ്ക്ക് ആറുമാസത്തേക്ക് ആറുശതമാനം കിഴിവ്.

കെഎസ്ഐഡിസിയുടെ വായ്പ ലഭിച്ചിട്ടുള്ള വ്യവസായങ്ങൾക്കു പ്രവര്‍ത്തനമൂലധനത്തിനും ആസ്തി സൃഷ്ടിക്കുന്നതിനും പ്രത്യേക വായ്പ.

കെഎസ്ഐഡിസിയുടെ എല്ലാ ഓപ്പറേറ്റിങ് യൂണിറ്റുകള്‍ക്കും പലിശയും മുതലും തിരിച്ചടയ്ക്കാൻ മൂന്നുമാസത്തെ മൊറോട്ടോറിയം. മൊറോട്ടോറിയത്തിനുശേഷം പിഴപ്പലിശയില്ലാതെ വായ്പ തിരിച്ചടയ്ക്കാം.

കെഎസ്ഐഡിസിയില്‍നിന്നു വായ്പയെടുത്ത സംരംഭകരുടെ പിഴപ്പലിശ ആറുമാസത്തേക്കു പൂർണ്ണമായി ഒഴിവാക്കും.

എംഎസ്എംഇകൾക്കു കെഎസ്ഐഡിസി 50 ലക്ഷത്തിനു മുകളിലുള്ള വായ്പ അനുവദിക്കും. (ഒരുകോടിരൂപയ്ക്കു മുകളിലേക്കേ നിലവിൽ നല്കുന്നുണ്ടായിരുന്നുള്ളൂ.)

കെഎസ്ഐഡിസിയുടെയും കിന്‍ഫ്രയുടെയും വ്യവസായപ്പാര്‍ക്കുകളിൽ സ്ഥലം എടുക്കുന്ന സംരംഭകരുടെ തിരിച്ചടവുകാലാവധി വർദ്ധിപ്പിക്കും.

മുന്‍കൂര്‍ അടയ്ക്കേണ്ട പാട്ടപ്രീമിയം കുറയ്ക്കും.

സ്ത്രീകള്‍ക്കും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും യുവസംരംഭകര്‍ക്കും പ്രത്യേക പരിഗണന. ഇവര്‍ക്ക് 25 ശതമാനം മാര്‍ജിൻ മണി നല്കും.