Skip to main content

ഏതു പ്രതിസന്ധിയില്‍നിന്നും പുതിയ അവസരങ്ങൾ ഉയര്‍ന്നുവരും. അത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയാലേ പ്രതിസന്ധികളില്‍നിന്നു മുന്നേറാനാകൂ. അതു ഫലപ്രദമായി നിർവ്വഹിക്കുന്ന പുതിയ സംസ്കാരം നമ്മെ പഠിപ്പിച്ച സർക്കാരാണ് ഇപ്പോൾ കേരളം ഭരിക്കുന്നത്.

മഹാപ്രളയത്തിൽ കേരളത്തിന്റെ നല്ലഭാഗം തകർന്നടിഞ്ഞപ്പോൾ അതു റീബിൽഡ് കേരള പദ്ധതി(RKI)യിലൂടെ പുതിയൊരു കേരളം സൃഷ്ടിക്കാനുള്ള അവസരമാക്കി വികസിപ്പിച്ചു. പ്രകൃതിക്ഷോഭങ്ങൾക്കു നാശം വിതയ്ക്കാനാകാത്ത നിർമ്മാണരീതികളും നദീതീരങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമൊക്കെ ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും ജനവാസം അനുവദിക്കാത്തതടക്കമുള്ള സ്ഥാനീയാസൂത്രണവും പ്രളയജലം ഉൾക്കൊള്ളാൻ റൂം ഫോർ റിവർ പോലുള്ള മാതൃകകളും പ്രകൃതി-പരിസ്ഥിതി സംരക്ഷണവും ദുരന്തലഘൂകരണസംവിധാനങ്ങളും അടിസ്ഥാനസൗകര്യവികസനവും ഭക്ഷ്യസ്വയംപര്യാപ്തിയും മെച്ചപ്പെട്ട മനുഷ്യവിഭവികസനവും സംരംഭ-തൊഴിൽ വികസനവും ഒക്കെ ആധരമാക്കി അത്തരമൊരു നവകേരളം സൃഷ്ടിക്കാനുള്ള പദ്ധതിയാണു റീബിൽഡ് കേരള.

അതുപോലെ കോവിഡ് 19 ബാധയും നാം അനുകൂലമാക്കുകയാണ്. ഇവിടുത്തെ ചികിത്സാപരിചരണാനുഭവങ്ങൾ വിദേശപൗരരടക്കം പങ്കുവച്ചതും അന്താരാഷ്ട്രമാദ്ധ്യമങ്ങളിൽ നമ്മുടെ കോവിഡ്‌നിയന്ത്രണമാതൃകയെപ്പറ്റി വന്ന വാർത്തകളുമൊക്കെ ടൂറിസ്റ്റുകൾക്കും വ്യവസായനിക്ഷേപകർക്കുംമറ്റും മറ്റെവിടേക്കു പോകുന്നതിലും സുരക്ഷിതബോധത്തോടെ വരാവുന്ന നാടാണു കേരളം എന്ന വിശ്വാസം പകരുന്നതാണ്.

നിക്ഷേപസാദ്ധ്യതയെപ്പറ്റി മുഖ്യമന്ത്രിയുടെ വാക്കുകൾ: “ഈ മഹാമാരി തീര്‍ച്ചയായും കേരളത്തിന് വിവിധമേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നുണ്ട്. കോവിഡ് 19 നേരിടുന്നതിൽ കേരളജനത കൈവരിച്ച അസാധാരണമായ നേട്ടം ലോകത്തെ ഏറ്റവും പ്രിയപ്പെട്ടതും സുരക്ഷിതവുമായ വ്യവസായനിക്ഷേപകേന്ദ്രങ്ങളിൽ ഒന്നായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയിരിക്കുകയാണ്.

“ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള നിക്ഷേപകരിലും സംരംഭകരിലും കേരളത്തെക്കുറിച്ചു വലിയ താത്പര്യം ഉളവായിട്ടുണ്ട്. നമുക്ക് ഈ രംഗത്തു ധാരാളം അന്വേഷണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തിൽ നമ്മുടെ ശക്തി, ഇവിടുത്തെ മനുഷ്യശേഷി തന്നെയാണ്.

“ഏതു വ്യവസായവും നിലനില്ക്കാനും വളരാനും മനുഷ്യവിഭവശേഷി പ്രധാനമാണ്. നമ്മുടെ മനുഷ്യവിഭവശേഷി ലോകത്തെ ഏതു വികസിതരാഷ്ട്രത്തോടും കിടപിടിക്കുന്നതാണെന്ന് ഈ മഹാമാരിക്കിടയിൽ നാം ഒന്നുകൂടി തെളിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് കേരളത്തിലേക്കു വ്യവസായമുതല്‍മുടക്ക് കൊണ്ടുവരാൻ ചില തീരുമാനങ്ങൾ സര്‍ക്കാര്‍ എടുക്കുകയാണ്.”

നിക്ഷേപം ആകർഷിക്കാൻ സർക്കാർ പുതുതായി കൈക്കൊണ്ട തീരുമാനങ്ങൾ:

1. എല്ലാ വ്യവസായലൈസന്‍സുകളും അനുമതികളും അപേക്ഷിച്ച് ഒരാഴ്ചയ്ക്കകം നല്കും. ഉപാധികളോടെയാണ് അനുമതി നല്കുക. ഒരുവര്‍ഷത്തിനകം സംരംഭകർ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. പോരായ്മയുണ്ടെങ്കിൽ തിരുത്താൻ ഒരവസരം നല്കാനും സര്‍ക്കാര്‍ തയ്യാറാകും.

2. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിൽ വിമാനത്താവളം, തുറമുഖം, റെയിൽ, റോഡ് എന്നിവ ബന്ധപ്പെടുത്തി ബഹുതല ലോജിസ്റ്റിക്സ് അടിസ്ഥാനസൗകര്യം ഏര്‍പ്പെടുത്തും. അന്താരാഷ്ട്രവ്യാപാരത്തിലും വാണിജ്യത്തിലും ഇതു കേരളത്തെ പ്രധാന ശക്തിയാക്കും.

3. കയറ്റുമതി-ഇറക്കുമതി സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോജിസ്റ്റിക്സ് പാര്‍ക്കുകൾ ആരംഭിക്കും.

4. ഉത്തരകേരളത്തിന്റെ ആവശ്യം മുന്‍നിര്‍ത്തി അഴീക്കൽ തുറമുഖം വികസിപ്പിക്കും. വലിയതോതിൽ ചരക്കു കൈകാര്യം ചെയ്യാൻ തുറമുഖത്തെ സജ്ജമാക്കും.

5. കാര്‍ഷികമേഖലയിൽ മൂല്യവർദ്ധിതോത്പന്നങ്ങൾ വലിയ തോതിൽ പ്രോത്സാഹിപ്പിക്കും. പാലക്കാട് മെഗാ ഫുഡ് പാര്‍ക്കിലെ ഭൂമി കാര്‍ഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കായി വ്യവസായികൾക്കു പാട്ടത്തിനു നല്കും.

6. മൂല്യവർദ്ധനയ്ക്ക് ഊന്നൽ നല്കി ഉത്തരകേരളത്തിൽ നാളികേരപാര്‍ക്ക് സ്ഥാപിക്കും.

7. കേരളത്തെ മികച്ച വ്യവസായകേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ക്ക് ഉപദേശകസമിതി രൂപവത്ക്കരിക്കും. വ്യവസായനിക്ഷേപകര്‍, നയരൂപവത്ക്കരണവിദഗ്ദ്ധര്‍, വ്യവസായപ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാകും കമ്മിറ്റി. ‘ചീഫ് മിനിസ്റ്റേഴ്സ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറി കമ്മിറ്റി’ എന്നായിരിക്കും ഇതിന്റെ പേര്.

8. വ്യവസായ മുതല്‍മുടക്കിനു 'സ്റ്റാര്‍ റേറ്റിങ്' സമ്പ്രദായം ഏര്‍പ്പെടുത്തും. മുതല്‍മുടക്ക്, അതിന്റെ ഭാഗമായി ഉണ്ടാവുന്ന തൊഴിൽ എന്നിവ കണക്കിലെടുത്ത് ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നീ സ്ഥാനങ്ങൾ നല്കും. സര്‍ക്കാര്‍ നല്കുന്ന ആനുകൂല്യങ്ങളും ഇളവുകളും ഈ റാങ്കിങ്ങുകൂടി പരിഗണിച്ചായിരിക്കും.