Skip to main content

അന്തർ ജില്ല സഹകരണത്തോടു കൂടിയുള്ള പ്രളയ മുന്നൊരുക്കങ്ങൾ ജില്ലക്ക് ആവശ്യം : വി. ഡി സതീശൻ എം എൽ. എ 

എറണാകുളം : പെരിയാറിലെയും കൈ വഴികളിലെയും ജല നിരപ്പ് നിയന്ത്രിക്കുന്ന അണക്കെട്ടുകൾ സമീപ ജില്ലകളിൽ സ്ഥിതി ചെയ്യുന്നതിനാൽ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോട് കൂടി അന്തർ ജില്ല തലത്തിൽ ജില്ലക്ക് പ്രളയ പ്ലാൻ തയ്യാറാക്കണമെന്ന് വി. ഡി സതീശൻ എം. എൽ. എ അവശ്യപ്പെട്ടു. പറവൂരിലെ മഴക്കാല മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് എം. എൽ 
എ ആവശ്യങ്ങൾ ഉന്നയിച്ചത്. പെരിയാറിലെ ഡാമുകൾ എല്ലാം ബന്ധപ്പെട്ടു കിടക്കുന്നതിനാൽ സംയോജിത ഡാം മാനേജ്മെന്റ് പ്ലാൻ രൂപീകരിക്കണം എന്നും വി. ഡി. സതീശൻ എം. എൽ. എ പറഞ്ഞു. ഇടമലയാർ കേന്ദ്രികരിച്ചാണ് പ്ലാൻ തയ്യാറാക്കേണ്ടത്.  ഡാമികളിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൃത്യമായി കണക്കു കൂട്ടണം. ഡാമുകൾ തുറക്കേണ്ട സാഹചര്യമുണ്ടെങ്കിൽ വേലിയിറക്ക സമയം കണക്കാക്കി വേണം അത് ചെയ്യാൻ. മഴ കുറവുള്ള സമയങ്ങളിൽ നിയന്ത്രണ വിധേയമായി വെള്ളം ഒഴുക്കി കളയണം. കഴിഞ്ഞ പ്രളയ സമയത്ത് പെരിയാറിലും കൈ വഴികളിലും അടിഞ്ഞ എക്കലും മാലിന്യവും ഉടനടി നീക്കം ചെയ്യണം. വെള്ളപ്പൊക്ക സാധ്യത ഉള്ള പ്രദേശങ്ങളിലേക്ക് കയറുന്ന വെള്ളം കായലിലേക്ക് ഉടൻ ഒഴുകി പോവാൻ ആവശ്യമായ ക്രമീകരണം നടത്തണം. പറവൂർ മേഖലയിൽ പ്രവർത്തിക്കാനായി പ്രത്യേക ടാസ്ക് ഫോഴ്‌സിനെ ചുമതലപ്പെടുത്തണം. 
കുസാറ്റിലെ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ സഹായത്തോട് കൂടി കൂടുതൽ കൃത്യമായ കാലാവസ്ഥ പ്രവചനങ്ങൾ സാധ്യമാക്കണമെന്നും വി. ഡി. സതീശൻ എം. എൽ. എ ആവശ്യപ്പട്ടു. 
കോവിഡ് രോഗം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ക്യാമ്പുകൾ സജ്ജമാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എറണാകുളം സിറ്റി, തൃപ്പൂണിത്തുറ, കളമശേരി തുടങ്ങിയ ഭാഗങ്ങളിൽ ഇതിനായി ക്യാമ്പുകൾ സജ്ജമാക്കണം. 
മഴക്കാലത്തു എലിപ്പനി ഉൾപ്പടെയുള്ള രോഗങ്ങൾ പടരാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണമെന്ന് കളക്ടർ എസ്. സുഹാസ് ജില്ല മെഡിക്കൽ ഓഫീസർക്ക് നിർദേശം നൽകി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മഴക്കാല മുന്നൊരുക്കളുമായി ഒരുമിച്ച് മുന്നോട്ട് പോകണമെന്നും കളക്ടർ എസ്. സുഹാസ് നിർദേശം നൽകി. മരുന്നുകളുടെ ലഭ്യത  ആശുപത്രികളിൽ ഉറപ്പാക്കുകയും ചെയ്യണമെന്ന് കളക്ടർ പറഞ്ഞു.

date