Skip to main content

കോട്ടയം കോറിഡോര്‍: പിഡബ്യൂഡിക്ക് വിമര്‍ശനം 

 

കോട്ടയം കോറിഡോല്‍, പടിഞ്ഞാറന്‍ ബൈപാസ് എന്നീ റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നീണ്ടുപോകുന്നതില്‍ പിഡബ്യൂഡിക്ക് ജില്ലാ വികസന സമിതിയില്‍ വിമര്‍ശനം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് ഈ റോഡുകളുടെ നിര്‍മ്മാണം സംബന്ധിച്ച് പ്രവര്‍ത്തന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ബൈപ്പാസ് റോഡിലെ പാറേച്ചാല്‍, ഗ്രാമഞ്ചിറ പാലങ്ങളുടെ നിര്‍മ്മാണവും അപ്രോച്ച് റോഡും പൂര്‍ത്തിയായിട്ടും ടാറിംഗ് വര്‍ക്കുകള്‍ തീരാതെ നീണ്ടുപോകുകയാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. കോട്ടയം നഗരത്തിന്റെ  ഗതാഗതക്കുരുക്കഴിക്കാന്‍ കോട്ടയം ഡെവലപ്പ്‌മെന്റ് കോറിഡോറിന്റെ നിര്‍മ്മാണം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ നിര്‍ദ്ദേശിച്ചു. പിഡബ്യൂഡി ഏറ്റെടുത്തിട്ടുളള മറ്റ് റോഡുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ അടിയന്തിര യോഗം ചേരും. 

വരള്‍ച്ചയെ നേരിടാന്‍ നടത്തിയിട്ടുളള തയ്യാറെടുപ്പുകള്‍ നേരത്തെ ആരംഭിക്കണമെന്നും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ജില്ലയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ സ്ഥാപിച്ചു വരുന്ന കുടിവെള്ള കിയോസ്‌കുകള്‍ ഫെബ്രുവരി 28നകം പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉള്‍പ്രദേശങ്ങളില്‍ ടാങ്കുകളില്‍ കുടിവെള്ളമെത്തിക്കാന്‍ അംഗീകൃത ഏജന്‍സികളെ ചുമതലപ്പെടുത്തും. നിര്‍മ്മാണം പൂര്‍ത്തിയായ കോട്ടയം വാട്ടര്‍ഹബിന്റെ പ്രവര്‍ത്തനത്തിന് കനാലിലെ പോളയും ചെളിയും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍മേലുളള നടപടി എം.എല്‍.എ ആരാഞ്ഞു. പ്രവര്‍ത്തങ്ങള്‍ക്കുളള എസ്റ്റിമേറ്റ് നല്‍കിയതായി മേജര്‍ ഇറിഗേഷന്‍ ഉദ്യോഗ്സ്ഥര്‍ അറിയിച്ചു. ജില്ലയിലെ ഹോട്ടല്‍, അറവുശാല എന്നിവിടങ്ങളില്‍ നിന്നുളള മാലിന്യ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാകണമെന്നും എം.എല്‍.എ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുന്നതുവരെയുളള നടപടിക്രമങ്ങള്‍ ശക്തമാക്കുന്നതിന് നടപടിയുണ്ടാകാണം. കുട്ടികള്‍ അപരിചിതരുടെ വാഹനങ്ങളില്‍ ലിഫ്റ്റ് ചോദിക്കുന്നത് തടയാന്‍ എല്ലാ സ്‌കൂളുകളിലേക്കും നഴ്‌സറി സ്‌കൂള്‍വരെയുളള സ്ഥാപനങ്ങളിലേക്ക് പൊതു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സര്‍ക്കുലര്‍ നല്‍കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. 

നാഗമ്പടം മുതല്‍ ഏറ്റുമാനൂര്‍ വരെ എം.സി റോഡിന്റെ വശങ്ങളില്‍ റോഡ് കൈയ്യേറി തട്ടുകടകള്‍ നടത്തുന്നത് അപകടം ഉണ്ടാക്കുന്നതായി സുരേഷ് കുറുപ്പ് എം.എല്‍.എയുടെ  പ്രതിനിധി വികസന സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കെ.എസ്.റ്റി.പി, പിഡബ്യൂഡി, റവന്യൂ, പോലീസ് എന്നിവയുടെ സ്‌ക്വാഡ് അടിയന്തിരമായി രൂപീകരിക്കുമെന്ന് എഡിഎം കെ.രാജന്‍ അറിയിച്ചു. 

കടമരക്കാട്ട് ആയുര്‍വേദ ഡിസ്പന്‍സറിക്കായി 2015-16 സാമ്പത്തിക വര്‍ഷം 50 ലക്ഷം രൂപ വകയിരുത്തിയിട്ടും ഇതുവരെ നടപടിയായില്ലെന്ന് ജയരാജ് എം.എല്‍.എ ചൂണ്ടിക്കാട്ടി. കൊടുങ്ങൂര്‍ സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ നടപടികളും തുടങ്ങിയിട്ടില്ല. എം.എല്‍.എ ആസതി വികസനവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റുകല്‍ ഗുണഭോക്തൃ സമിതിയ്ക്കു ശേഷം മാത്രം എടുത്താല്‍ മതിയെന്ന നിര്‍ദ്ദേശവും എം.എല്‍.എ മുന്നോട്ടു വച്ചു. 

യോഗത്തില്‍ എഡിഎം കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി.മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. 

                                                   (കെ.ഐ.ഒ.പി.ആര്‍-403/18)

date