Skip to main content

" അങ്കണവാടികളിലും കുഞ്ഞിക്കുരുന്നുകൾ  ഓൺലൈൻ പ്രീസ്കൂൾ ക്ലാസിലേക്ക് "

എറണാകുളം : പതിവിന് വിപരീതമായി കുട്ടിക്കരച്ചിലുകൾ ഇല്ലാത്ത പ്രവേശനോത്സവം ആയിരുന്നു അങ്കണവാടികളിൽ ഈ വർഷം നടന്നത്. അമ്മമാരുടെ മടിയിൽ അനുസരണയോടെയും ഇടയ്ക്കിടെ കുസൃതികളോടെയും അവർ 'അങ്കണവാടിയിലെ ആദ്യ ദിനം' വീടുകളിൽ  ആഘോഷിച്ചു. 
   കോവിഡ് 19 ലോക്ക്ഡൗൺ സാഹചര്യത്തിൽ അങ്കണവാടികൾ തുറന്നു പ്രവർത്തിക്കുന്നില്ലെങ്കിലും  എല്ലാ വർഷത്തെയും പതിവ് പോലെ വർണാഭമായാണ്  അങ്കണവാടികളിൽ പ്രവേശനോത്സവം നടന്നത്. ലോക്ക് ഡൗണിന്റെ   പശ്ചാത്തലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്തോടു കൂടി ഓൺലൈനായി ആണ് ഇത്തവണ  പ്രവേശനോത്സവം  നടന്നത്.
     ടീച്ചർമാരുടെ പാട്ടുകൾ കേട്ടും   ചേച്ചിമാരുടെയും ചേട്ടന്മാരുടെയും  സ്വാഗത ഗാനവും നൃത്തവും തങ്ങളുടെ ഫോട്ടോകൾ കോർത്തിണക്കിയ വീഡിയോകളും  കണ്ടു രസിച്ചും വ്യത്യസ്തമായ സ്വാഗത ദിനം അവർ അവിസ്മരണീയമാക്കി . ലോക്ക്ഡൗൺ കഴിഞ്ഞു അങ്കണവാടികൾ തുറക്കുമ്പോഴേക്കും  കൂട്ടുകാരെ വീഡിയോ കാളിലൂടെ കണ്ടും പരിചയിച്ചും പ്രീസ്കൂൾ ക്ലാസുകൾ  കേട്ടു മനസിലാക്കിയും പുത്തനാനുഭവങ്ങൾ പങ്കുവയ്ക്കാൻ കുസൃതി കുരുന്നുകൾ   വരുന്നത് കാത്തിരിക്കുകയാണ്  ടീച്ചർമാർ.

date