Skip to main content

ദുരിതാശ്വാസ ക്യാമ്പുകൾക്കായി 560 കെട്ടിടങ്ങൾ 

എറണാകുളം: കാലവർഷം ശക്തി പ്രാപിച്ചാൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനായി ജില്ലയിൽ ഇതുവരെ  560 കെട്ടിടങ്ങൾ കണ്ടെത്തി. കോവിഡ്- 19 സാഹചര്യം കൂടി പരിഗണിച്ചാണ് ഇക്കൊല്ലം ക്യാമ്പ് നടത്തിപ്പ് മാർഗനിർദ്ദേശങ്ങൾ തയാറാക്കിയിരിക്കുന്നത്. 
അടിയന്തിര ഘട്ടത്തിൽ നാല് തരത്തിലുള്ള ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുക. ഇതിനായുള്ള കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. നാല് തരം ക്യാമ്പുകൾക്കും നമ്പർ നൽകി തരം തിരിക്കും. കെട്ടിടം ഒന്നിൽ പൊതുവായ ദുരിതാശ്വാസ ക്യാമ്പുകളാണ് നടത്തേണ്ടത്. കെട്ടിടം രണ്ടിൽ 60 വയസിന് മുകളിൽ ഉള്ളവർ , കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർ എന്നിവർക്കുള്ളതാണ്. കെട്ടിടം മൂന്ന് കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനായാണ്. മുറിയോട് ചേർന്ന് ടോയ് ലറ്റ് സംവിധാനങ്ങൾ ഉള്ള കെട്ടിടങ്ങളാണ് ഇതിനു വേണ്ടത്. കെട്ടിടം നാലിൽ ഹോം ക്വാറൻറീനിൽ കഴിയുന്നവരെ താമസിപ്പിക്കാനാണ്. ക്വാറൻറീൻ സമയം കഴിയുന്ന മുറക്ക് ആരോഗ്യ വകുപ്പിൻ്റെ അനുമതിയോടെ ഇവർക്ക് പൊതു ക്യാമ്പുകളിൽ താമസിക്കാം. കെട്ടിടം ഒന്നും രണ്ടും ഒരേ ക്യാമ്പസുകളിലും കെട്ടിടം മൂന്ന് നാല് എന്നിവ വേറെ ക്യാമ്പസിലും പ്രവർത്തിക്കണം. 
ക്യാമ്പുകളുടെ ദൈനംദിന നടത്തിപ്പ് ചുമതല റവന്യൂ, തദ്ദേശ സ്ഥാപനം എന്നിവർ ചേർന്നാണ് നടത്തുന്നത്. ചുമതലക്കാരായി മൂന്ന് ഉദ്യോഗസ്ഥരും മുഴുവൻ ക്യാമ്പുകളിലും ഉണ്ടാകും. എട്ട് ക്യാമ്പുകൾക്ക് ഒരു സെക്ടർ ഓഫീസറുമുണ്ടാകും. കൂടാതെ എല്ലാ ക്യാമ്പുകളിലും വാർഡ് അംഗം, ക്യാമ്പിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ , ക്യാമ്പിലെ വനിതാ പ്രതിനിധി, പുരുഷ പ്രതിനിധി  എന്നിവരടങ്ങിയ ക്യാമ്പ് പരിപാലന കമ്മിറ്റി രൂപീകരിക്കണം. പരിശീലനം ലഭിച്ച ആരോഗ്യ പ്രവർത്തകർ ദിവസവും ക്യാമ്പിലുള്ള എല്ലാവരെയും നിരീക്ഷിക്കുകയും കോവിഡ്- 19 രോഗലക്ഷണങ്ങൾ ഉള്ളവരെ കൂടുതൽ ചികിത്സക്ക് അയക്കുകയും ചെയ്യും. ക്യാമ്പിലെ അന്തേവാസികൾക്ക് മാനസിക സംഘർഷം ഒഴിവാക്കാൻ കൗൺസലിംഗ് സംവിധാനവും ഒരുക്കും. 

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ക്യാമ്പിൽ കഴിയുന്നവർക്കും പ്രത്യേക നിർദ്ദേശങ്ങൾ ദുരന്ത നിവാരണ അതോറിറ്റി നൽകുന്നുണ്ട്. മുഴുവൻ സമയവും സുരക്ഷിതമായ മാസ്ക് ധരിക്കണമെന്നത് കർശന നിർദ്ദേശമാണ് . ആറ് മണിക്കൂറിൽ കൂടുതൽ തുടർച്ചയായി മാസ്ക് ഉപയോഗിക്കരുത്. സോപ്പ് ഉപയോഗിച്ച് മാസ്കുകൾ ദിവസവും കഴുകി വെയിലിൽ ഉണക്കിയതിനു ശേഷം മാത്രമേ വീണ്ടും ഉപയോഗിക്കാവൂ.
ക്യാമ്പിൽ സന്ദർശകരെ അനുവദിക്കില്ല. ക്യാമ്പിലെ മറ്റുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കാനും ശാരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം. സാധന സാമഗ്രികളും വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പരസ്പരം പങ്കിടാൻ അനുവദിക്കില്ല. അലക്ഷ്യമായി തുപ്പാനും അനുവാദമുണ്ടാകില്ല. ക്യാമ്പിൽ ഇടക്കിടെ കൈകൾ സോപ്പു പയോഗിച്ച് കഴുകണം. ഭക്ഷണം കഴിക്കുന്നതിന് തിക്കും തിരക്കും ഒഴിവാക്കി പരമാവധി 20 പേരിൽ കൂടാതെ ഭക്ഷണം കഴിക്കുകയും വേണം.

date