Skip to main content

സ്വപ്നതുല്യം ഈ കരുതല്‍, ജോജു ഹാപ്പിയാണ്

എങ്ങനെയെങ്കിലും നാട്ടിലെത്തണമെന്ന ചിന്ത മാത്രമായിരുന്നു. എന്ത് ബുദ്ധിമുട്ടും നേരിടാന്‍ ഒരുങ്ങിയാണ് നാട്ടിലേക്ക് വന്നത്. ഇവിടെയെത്തിയാല്‍ പേടിക്കാനില്ലെന്നറിയാം. കൊറോണ കെയര്‍ സെന്ററുകളില്‍ കഴിയേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ കഴിയുമ്പോള്‍ തോന്നുന്നത് ഈ കരുതലും സുരക്ഷിതത്വവും മറ്റെവിടെയും കിട്ടില്ല എന്നാണ്'. കൊറോണ കെയര്‍ സെന്ററില്‍ ക്വാറന്റൈനില്‍ കഴിയുന്ന ജോജുവിന്റെ വാക്കുകളാണിത്. മലേഷ്യയില്‍ നിന്ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശിയായ ജോജു കണ്ണൂരിലെ അള്‍ട്ടിമേറ്റ് റെസിഡന്‍സിയിലാണ് ക്വാറന്റൈനില്‍ കഴിയുന്നത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാവുന്നത് കോവിഡ് എന്ന മഹാമാരിയിലും തനിക്ക് ലഭിക്കുന്ന സുരക്ഷിതത്വവും ആത്മവിശ്വാസവുമാണ്.

ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് ജോജു നാട്ടില്‍ എത്തിയത്. മലേഷ്യയില്‍ നിന്ന് വരുമ്പോള്‍ വിമാനത്താവളത്തില്‍ നിന്ന് ശരീര താപനില പരിശോധിച്ചിരുന്നു. നാട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ആദ്യ ദിവസം ഡോക്ടര്‍ പരിശോധിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കൂടാതെ എന്ത് ആവശ്യത്തിന് വിളിപ്പാടകലെ ഹോട്ടലില്‍ വളണ്ടിയര്‍മാരുമുണ്ട്. പാതിരാത്രിയായാലും ആവശ്യങ്ങള്‍ പറയാന്‍ മടിക്കേണ്ട എന്ന ഉറപ്പ് ആദ്യ ദിവസം തന്നെ അവര്‍ നല്‍കിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് അധികൃതര്‍, പൊലീസ് എന്നിവര്‍ നിരന്തരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. ഭക്ഷണം കൃത്യസമയത്ത് എത്തിക്കും. നല്ല വെജിറ്റേറിയന്‍ ഭക്ഷണമാണ്. മുറി സ്വയം വൃത്തിയാക്കുന്നതിനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  കട്ടില്‍, കിടക്ക,  തുണികള്‍ വെക്കുന്നതിനുള്ള അലമാര എന്നിവയുണ്ട്. രാവിലെ പത്രവും കിട്ടും.  അങ്ങനെ അസൗകര്യങ്ങള്‍ ഒന്നും തന്നെ ഇല്ല. പതിനാല് ദിവസത്തെ  ക്വാറന്റൈനു ശേഷം വീട്ടില്‍ എത്തി തുടര്‍ന്ന് ഹോം ക്വാറന്റൈനില്‍ നില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. വീട്ടിലെ പ്രായമായ മാതാപിതാക്കളോട് ബന്ധു വീട്ടിലേക്ക് മാറാന്‍ പറഞ്ഞിട്ടുണ്ടെന്നും ജോജു പറയുന്നു. ജോജുവിനെ കൂടാതെ മലേഷ്യയില്‍ നിന്നും എത്തിയ 15 പേരും അവിടെ കഴിയുന്നുണ്ട്.

വിസ കാലാവധി കഴിഞ്ഞതിനാലാണ് മണ്ടൂരിലെ ഇല്ല്യാസ് മലേഷ്യല്‍ നിന്നും നാട്ടിലെത്തിയത്. ഇദ്ദേഹവും അള്‍ട്ടിമേറ്റ് റെസിഡന്‍സിയിലാണ് കഴിയുന്നത്. എപ്രിലില്‍ വിസ കാലാവധി കഴിഞ്ഞിട്ടും  ഇദ്ദേഹത്തിന് നാട്ടിലെത്താന്‍ കഴിഞ്ഞില്ല.  പേടി ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍  ഡബിള്‍ ഹാപ്പിയാണ്. ഒന്നിനും ഒരു കുറവ് പറയാനില്ല ഇവിടെ. ആവശ്യങ്ങള്‍ ചോദിക്കാനും ആരോഗ്യനില അന്വോഷിക്കാനും നിരവധി പേര്‍. ഇതിലും വലുതായി വേറെയെന്താ വേണ്ടത്...ഇല്ല്യാസ് പറയുന്നു.

മാലി ദ്വീപില്‍ നിന്നെത്തി തലശ്ശേരിയിലെ സംഗമം റെസിഡന്‍സില്‍ ക്വാറന്റൈനില്‍ കഴിയുന്ന കമ്പില്‍ സ്വദേശിയായ ഷിജുവിനും പറയാനുള്ളത് അവിടെയൊരുക്കിയ സൗകര്യങ്ങളെക്കുറിച്ചാണ്. അത്യാവശ്യം  വിസ്താരമേറിയ മുറിയാണ്. കസേരയും മേശയുമുണ്ട്.

കപ്പല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിച്ചേര്‍ന്ന് അവിടെ നിന്ന് കെഎസ്ആര്‍ടിസിലാണ് ഷിജു കണ്ണൂരില്‍ എത്തിയത്.  വേണ്ട സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നതിന് വളണ്ടിയര്‍മാരുണ്ട്.  ആരോഗ്യ പ്രവര്‍ത്തകരും പൊലീസും പഞ്ചായത്ത് അധികൃതരം  ഫോണില്‍ വിവരങ്ങള്‍ അന്വേഷിക്കുന്നുണ്ട്. മാലിദ്വീപില്‍ നിന്നെത്തിയ മറ്റു 24 പേരും അവിടെ കഴിയുന്നുണ്ട്

date