കണ്ടെയ്ൻമെന്റ് സോണിൽ അവശ്യസേവനങ്ങള്‍ക്ക് ഇളവ് നൽകും
എറണാകുളം: കോവിഡ് സാഹചര്യത്തില്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ അവശ്യസേവനങ്ങള്‍ മുടങ്ങില്ലെന്ന് അവലോകനയോഗം. പാല്, പത്രം, അവശ്യസാധനങ്ങള്‍ എന്നിവ ലഭ്യമാക്കും. ജനജീവിതം സുഗമമായി മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളും പ്രവര്‍ത്തിക്കും.ഷോപ്പിംഗ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ,ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവക്ക് അനുമതി ഇല്ല. രാവിലെ 9മുതൽ ഒന്ന് വരെ ആയിരിക്കും അവശ്യ സാധനങ്ങളുടെ വില്പനക്ക് ഇളവുകൾ അനുവദിക്കുന്നത്.
സര്‍വൈലന്‍സ് ടീമുകള്‍ അടക്കമുള്ള ആരോഗ്യവകുപ്പിന്റെ ജീവനക്കാര്‍ കണ്ടെയ്ന്മെന്റ് സോണില്‍ പ്രവര്‍ത്തിക്കും. അവശ്യസേവനങ്ങളുടെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളുടെ ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സോണിലേക്ക് പ്രവേശനം നല്‍കും. അവശ്യസേവനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കണക്കാക്കുക. പാല്, പത്രം എന്നിവയുടെ വിതരണം അനുവദിക്കും. മാലിന്യ നീക്കം നടപ്പാക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്ഥാപനമാണ്. എ.ടി.എമ്മുകളും പ്രവര്‍ത്തിപ്പിക്കാം.
മന്ത്രി വിഎസ് സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകനയോഗമാണ് ഇളവുകള്‍ സംബന്ധിച്ച് തീരുമാനമെടുത്തത്. കളമശ്ശേരിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കറുകുറ്റിയിലെ അഡ് ലക്സ് കണ്വന്ഷന് സെന്ററില്‍ താല്‍ക്കാലികാശുപത്രി ഉടന്‍ സജ്ജമാക്കും. തെറ്റായ വിവരങ്ങൾ നൽകി ക്വാറന്റൈൻ സംവിധാനം ഒഴിവാക്കുന്നവര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കും.
കളക്ടർ എസ്. സുഹാസ്, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ എം. എസ് മാധവിക്കുട്ടി, ഡി. സി. പി ജി. പൂങ്കുഴലീ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ കുട്ടപ്പൻ, ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രൊജക്റ്റ് ഓഫീസർ ഡോ. മാത്യൂസ് നമ്പേലി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments