Skip to main content

ജില്ല കളക്ടറുടെ പരാതിപരിഹാര അദാലത്ത് 11ന് അദാലത്ത് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി

 

ആലപ്പുഴ: ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് മാവേലിക്കര താലൂക്കില്‍ ജൂണ്‍ 11ന് നടക്കുമെന്ന് ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തില്‍ നടത്തി വന്നിരുന്ന അദാലത്ത്, കോവിഡ് കാലത്ത് മുടങ്ങാതിരിക്കാനായി ഇത്തവണ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് സംഘടിപ്പിക്കുന്നത്. രാവിലെ 11 മണി മുതലാണ് അദാലത്ത് നടക്കുക. പരാതിക്കാര്‍ക്ക്് ഇന്ന് (04.06.2020) മുതല്‍ ജൂണ്‍ എട്ടിന് വൈകിട്ട് മൂന്ന് മണി വരെ മാവേലിക്കര താലൂക്കിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സൗജന്യമായി അപേക്ഷകള്‍ നല്‍കാം. അപേക്ഷകള്‍ നല്കിയവര്‍ക്ക് അദാലത്തില്‍ പങ്കെടുക്കാനുള്ള സമയവും നിര്‍ദേശങ്ങളും ലഭിക്കും. 11-ന് പ്രത്യേകം അനുവദിച്ച് നല്‍കിയ സമയത്ത് , അതത് അക്ഷയ കേന്ദ്രത്തില്‍ കൃത്യ സമയത്ത് എത്തി പരാതിക്കാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ വേണം അദാലത്തില്‍ പങ്കെടുക്കാന്‍. അദാലത്തില്‍ പങ്കെടുക്കാനുളളവര്‍ കൂട്ടം കൂടുന്നത്്് ഒഴിവാക്കാന്‍ ഈ സംവിധാനം സഹായിക്കും. 
ലാന്റ് റവന്യൂ സംബന്ധിച്ച പരാതികള്‍, സര്‍വ്വെ, പ്രളയം സംബന്ധമായ അപേക്ഷകള്‍, ഭൂമിയുടെ തരംമാറ്റം/പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ് എന്നിവയൊഴികെ എല്ലാ പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതും താലൂക്ക് തല വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍  ജില്ല കളക്ടര്‍ നേരിട്ട് പരാതികള്‍ സ്വീകരിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പരിഹാരം കാണും. ജില്ല കളക്ടര്‍ക്ക് പുറമേ എ.ഡി.എം., ഡപ്യൂട്ടി കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും അദാലത്തില്‍ പങ്കെടുക്കും.

date