Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 21-05-2020

കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 11 റോഡുകളുടെ
പുനരുദ്ധാരണത്തിന് 5.2 കോടിയുടെ ഭരണാനുമതി
കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ 11 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തിക്ക് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5.2 കോടി രൂപ അനുവദിച്ചു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി മുഖാന്തരമാണ് അപേക്ഷ നല്‍കിയിരുന്നത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലും മുണ്ടേരി ഗ്രാമപഞ്ചായത്തിലും ഉള്‍പ്പെട്ട 11 റോഡുകള്‍ക്കാണ് ഭരണാനുമതിയായത്.
കണ്ണൂര്‍ കോര്‍പ്പറേഷനിലെ കറുവന്‍ വൈദ്യര്‍ പീടിക- എളയാവൂര്‍ സൗത്ത്, എളയാവൂര്‍ സൗത്ത്-കാപ്പാട് എന്നീ റോഡുകള്‍ക്ക് 1.5 കോടി രൂപയും, ചേനോളി ജംഗ്ഷന്‍-ധനലക്ഷ്മി റോഡ്, ധനലക്ഷ്മി ആശുപത്രി-കണ്ണോത്തുംചാല്‍ റോഡ് എന്നിവയ്ക്ക് 40 ലക്ഷം രൂപ വീതവും, ചേനോളി ജംഗ്ഷന്‍- കോര്‍ജാന്‍ സ്‌കൂള്‍ റോഡിന് 80 ലക്ഷം രൂപയും, ചതുരക്കിണര്‍-ആയങ്കി റോഡ്, വലിയന്നൂര്‍ വില്ലേജ് ഓഫീസ്- നോര്‍ത്ത് യു പി സ്‌കൂള്‍ റോഡ്, മാച്ചേരി പഞ്ചായത്ത് കിണര്‍-യു പി സ്‌കൂള്‍ നുച്ചിലോട് റോഡ്, പടിക്ക് താഴെ ശ്മശാനം റോഡ്-ചോയാത്ത് മുക്ക്-പടിക്ക് താഴെപീടിക റോഡ്, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കച്ചേരിപ്പറമ്പ്-മീന്‍കടവ്്, താറ്റ്യോട് അംഗനവാടി കനാല്‍ എന്നീ റോഡുകള്‍ക്ക് 10 ലക്ഷം രൂപ വീതവുമാണ് അനുവദിച്ചത്. പദ്ധതി നിര്‍വഹണം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേനയാണ് നടത്തേണ്ടത്.
പി എന്‍ സി/1717/2020

കോവിഡ് -19 ധനസഹായം നല്‍കുന്നു
തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള കണ്ണൂര്‍/കാസര്‍കോട് ജില്ലകളിലെ തൊഴിലാളികള്‍ക്ക് കോവിഡ് 19 ധനസഹായമായ 1000 രൂപ നല്‍കുന്നു.  അപേക്ഷ ംംം.ഹമയീൗൃംലഹളമൃലളൗിറ.ശി എന്ന വെബ്‌സൈറ്റ് വഴി അയക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ 9656710926, 9496553292 എന്നീ നമ്പറുകളില്‍ ലഭിക്കും.
പി എന്‍ സി/1718/2020

അപേക്ഷ ക്ഷണിച്ചു
ജില്ലയില്‍ ട്രോളിംഗ് കാലയളവായ ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെ കടല്‍ രക്ഷാ പ്രവര്‍ത്തനത്തിനായി റസ്‌ക്യൂ ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വം ലഭിച്ച രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികളും ഗോവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോട്‌സില്‍ നിന്നും പരിശീലനം ലഭിച്ചവരും ജില്ലയില്‍ സ്ഥിര താമസക്കാരുമായിരിക്കണം.   കടല്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ മെയ് 27 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന രേഖകള്‍ എന്നിവയുടെ പകര്‍പ്പ് സഹിതം കണ്ണൂര്‍ ഫിഷറീസ് സ്റ്റേഷനില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2732487.
പി എന്‍ സി/1719/2020

സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു
കേന്ദ്ര സര്‍ക്കാരിന്റെ പി എം ജി കെ എ വൈ പദ്ധതി മുഖേന അനുവദിച്ച സൗജന്യ റേഷന്റെ മെയ് മാസത്തെ വിതരണം ആരംഭിച്ചു. എഎവൈ (മഞ്ഞ കാര്‍ഡ്), മുന്‍ഗണന കാര്‍ഡ് (പിങ്ക് കാര്‍ഡ്) എന്നിവയിലുള്‍പ്പെടുന്ന കുടുംബത്തിലെ ഓരോ അംഗത്തിനും അഞ്ച് കിലോഗ്രാം വീതം അരിയാണ് ലഭിക്കുക. മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ ലഭിക്കുന്ന സാധാരണ റേഷന്‍ വിഹിതത്തിന് പുറമെയാണ് ഈ സൗജന്യ റേഷന്‍. അരി കൂടാതെ എഎവൈ, മുന്‍ഗണന കാര്‍ഡുടമകള്‍ക്ക് കാര്‍ഡ് ഒന്നിന് ഒരു കിലോഗ്രാം വീതം പയര്‍ അല്ലെങ്കില്‍ കടല മെയ് മാസത്തെ വിഹിതമായി ഇതോടൊപ്പം വിതരണം ചെയ്യും.
കാര്‍ഡുടമകള്‍ സാമൂഹിക അകലം പാലിച്ച് റേഷന്‍ വാങ്ങേണ്ടതാണ്. കടയുടമകള്‍ ഇക്കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതും കൃത്യമായ അളവില്‍ അര്‍ഹതപ്പെട്ട റേഷന്‍ വിഹിതം നല്‍കേണ്ടതുമാണ്. തൂക്കക്കുറവ് പോലുള്ള പരാതികള്‍ ലഭിച്ചാല്‍ കടയുടമകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പരാതികള്‍ അറിയിക്കേണ്ട നമ്പര്‍, കണ്ണൂര്‍ താലൂക്ക്- 9188527408, ഇരിട്ടി- 9188527409, തലശ്ശേരി- 9188527410, തളിപ്പറമ്പ- 9188527411.
പി എന്‍ സി/1720/2020

ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ പ്രവേശനം ആരംഭിച്ചു
ഫിഷറീസ് വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ 2020-2021 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. എട്ടാം തരത്തിലെ 40 സീറ്റുകളിലേക്കും ഒന്‍പത്, പത്ത് ക്ലാസുകളിലെ ഒഴിവുകളിലേക്കുമാണ് പ്രവേശനം. ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സംവിധാനം ലഭ്യമാണ്. സൗജന്യ യൂണിഫോം, പാഠപുസ്തകം, മറ്റ് പഠനോപകരണങ്ങള്‍, വിനോദയാത്ര, കൗണ്‍സലിംഗ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, യോഗ പരിശീലനം എന്നിവ ഉണ്ടായിരിക്കും. ഈ വര്‍ഷം പോയി വരാവുന്ന രീതിയില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ്. അപേക്ഷാ ഫോറം സ്‌കൂളില്‍ ലഭിക്കും. ഫോണ്‍: 0497 2770474, 7907630638.
പി എന്‍ സി/1722/2020

ഝാര്‍ഖണ്ഡിലേക്കുള്ള ട്രെയിന്‍ ഇന്ന് പുറപ്പെടും
ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതെ ജില്ലയില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള അടുത്ത ട്രെയിന്‍ മെയ്  22 വെള്ളിയാഴ്ച പുറപ്പെടും. ഝാര്‍ഖണ്ഡിലേക്കുള്ള ട്രെയിനാണ് ഇന്ന് വൈകിട്ട് ഏഴ്  മണിക്ക് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്നത്. 1464 തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങുന്നത്. ഇവരെ റെയില്‍വെ സ്റ്റേഷനില്‍ എത്തിക്കുന്നതിനായി 49 കെഎസ്ആര്‍ടിസി ബസുകളും സജ്ജീകരിച്ചിട്ടുണ്ട്.
പി എന്‍ സി/1723/2020

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
കേരള ലക്ഷദ്വീപ് തീരങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

date