വേറിട്ട രീതിയില്‍ നെല്‍കൃഷി ചെയ്ത് പഞ്ചായത്ത് അംഗം
പച്ച വിരിച്ച് കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന പാടം..നെല്‍കൃഷി എന്നു കേള്‍ക്കുമ്പോള്‍ ആദ്യം മനസില്‍ ഓടിയെത്തുന്ന ചിത്രം അതാണ്. എന്നാല്‍ വേണമെങ്കില്‍ നെല്ല് ഓടിനകത്തും വിളയുമെന്നു തെളിയിക്കുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ് അംഗമായ കെ കെ പ്രീത. മച്ചൂര് മലയിലുള്ള പ്രീതയുടെ വീട്ടുമുറ്റത്തെ നെല്‍കൃഷി അല്പം കൗതുകമുണര്‍ത്തുന്നതാണ്. പഴയ വീടിന്റെ ഓടുകള്‍ ചേര്‍ത്തുവച്ചു കെട്ടി അതില്‍ മണ്ണ് നിറച്ചാണ് ഇവര്‍ കൃഷി സ്ഥലം ഒരുക്കിയിരിക്കുന്നത്. സ്ഥല പരിമിതിയും ഗ്രോബാഗിന്റെ ലഭ്യതക്കുറവുമാണ് പുതിയ പരീക്ഷണത്തിന് പ്രേരണയായത്
വീടിന് സമീപം ലഭ്യമായ സ്ഥലത്ത് പച്ചക്കറി കൃഷികള്‍ വളരെ മുമ്പ് തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ കാര്‍ഷിക മേഖലയെ ഒന്നുകൂടി സജീവമാക്കിയ ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവണം എന്ന ദൃഢനിശ്ചയത്തില്‍ നിന്നാണ് പ്രീത നെല്‍കൃഷി ചെയ്യണമെന്ന് തീരുമാനിച്ചത്. മാത്രമല്ല ജീവനി -എന്റെ കൃഷി എന്റെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി എല്ലാ ജനപ്രതിനിധികളും വീടുകളില്‍ കൃഷി ചെയ്യണം എന്ന തീരുമാനവും ഇതിനൊരു പ്രചോദനമായി. നെല്‍ക്കൃഷിക്കായി പഞ്ചായത്തില്‍ വേറെ സ്ഥലങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ ഇനിയെന്ത് എന്ന് ചിന്തിച്ചപ്പോഴാണ് വെറുതെ കിടന്നിരുന്ന പഴയ വീടിന്റെ ഓട് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന അഭിപ്രായം ഉയര്‍ന്നതെന്ന് കെ കെ പ്രീത പറയുന്നു. പിന്നെ ഒന്നും ചിന്തിച്ചില്ല, നാല് ഓടുകള്‍ ചേര്‍ത്തു കെട്ടി ചകിരിയും വളവും ഇട്ട് മണ്ണ് നിറച്ചു കൃഷിസ്ഥലം ഒരുക്കുകയായിരുന്നുവെന്ന് അവര്‍ പറയുന്നു. നൂറ് എണ്ണമാണ് ഈ രീതിയില്‍ ഒരുക്കിയത്. നെല്‍കൃഷിക്ക് ഇറക്കുന്നതിന് മുന്നോടിയായി ചെയ്യേണ്ട ഉഴുതുമറിയൊ മറ്റ് ചിലവുകളോ ഒന്നും തന്നെ ഈ കൃഷിരീതിക്ക് ഇല്ലെന്നതാണ് മറ്റൊരു ഗുണമേന്മ. കാഴ്ചക്കാര്‍ക്ക് കൗതുകം ജനിപ്പിച്ച ഈ കൃഷിത്തോട്ടം ഇനി മറ്റുള്ളവരും പരീക്ഷിക്കും എന്നതില്‍ തെല്ലും സംശയമില്ല.
ഭര്‍ത്താവ് മഹീന്ദ്രന് മക്കളായ അനുരാഗ്, യദുനന്ദ് എന്നിവരും ചേര്‍ന്നാണ് തോട്ടമൊരുക്കിയത്. വീടിന്റെ മുറ്റത്ത് തന്നെയാണ് തോട്ടം സജ്ജീകരിച്ചിരിക്കുന്നത്. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി സുഭാഷ് നെല്‍വിത്തുകള്‍ പാകി വ്യത്യസ്തമായ ഈ കൃഷിക്ക് തുടക്കംകുറിച്ചു. ബ്ലാക്ക് ജാസ്മിന് എന്നയിനം നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. ഇപ്പോള്‍ നെല്‍കൃഷിയാണ് ചെയ്യുന്നതെങ്കിലും തുടര്‍ന്നും ഇത് മറ്റ് കൃഷികള്‍ക്കും പച്ചക്കറിതോട്ടം ഒരുക്കുന്നതിനും ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമെ പച്ചക്കറികൃഷി, കപ്പകൃഷി എന്നിവയിലും വാര്‍ഡ് അംഗം സജീവമാണ്
- Log in to post comments