ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്ക് സ്മാര്‍ട്ട് ചലഞ്ച് പദ്ധതി
പദ്ധതി നടപ്പാക്കുന്നത് ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനും പാലയ്ക്കല്‍ത്തകിടി സര്‍ക്കാര്‍ പളളിക്കൂടവും
ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനും കുന്നന്താനം പാലയ്ക്കല്‍ത്തകിടി സെന്റ് മേരീസ് ഗവണ്‍മെന്റ് ഹൈസ്‌കൂളും സംയുക്തമായി ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ഏഴ് പഞ്ചായത്തുകളിലുള്ള 182 കുട്ടികള്‍ക്ക് ജനകീയ സഹകരണത്തോടെ സഹായ പദ്ധതി ഒരുക്കുന്നു.
ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെട്ട മല്ലപ്പള്ളി, കുന്നന്താനം, കല്ലൂപ്പാറ, കവിയൂര്‍, കുറ്റൂര്‍ പഞ്ചായത്തുകളിലെയും പാലയ്ക്കല്‍ത്തകിടി സ്‌കൂളില്‍ കുട്ടികള്‍ എത്തുന്ന കറുകച്ചാല്‍, മാടപ്പള്ളി പഞ്ചായത്തുകളിലും താമസക്കാരായ കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കൂടാതെ ഇരവിപേരൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ കായിക താരങ്ങള്‍ക്കും സഹായം എത്തും.
ടെലിവിഷന്‍, മൊബൈല്‍ഫോണ്‍, ടാബ്, ലാപ്‌ടോപ്പ് തുടങ്ങിയവ ശേഖരിച്ച് കുട്ടികളുടെ വീടുകളില്‍ എത്തിക്കും. വിക്ടേഴ്‌സ് ചാനലില്‍ രണ്ടാഴ്ചത്തെ ട്രയലിന് ശേഷം ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന ക്ലാസുകള്‍ക്ക് മുമ്പായി ലക്ഷ്യം പൂര്‍ത്തീകരിക്കുവാനാണ് ശ്രമം. അതിനായി ഏഴ് പഞ്ചായത്തിലും പ്രത്യേകം യോഗം ചേര്‍ന്ന് പരിപാടികള്‍ ആവിഷ്‌കരിക്കും.
എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ കെ.വി അനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്തംഗം എസ്.വി സുബിന്‍ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ മിനി കുമാരി വി കെ(മല്ലപ്പള്ളി), അനില ബി ആര്‍ (പുല്ലാട്), ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ പി.എ സിന്ധു, ജയലക്ഷ്മി, ജോസ് മാത്യു ബി.പി.ഒ മാരായ ഷാജി എ സലാം (മല്ലപ്പള്ളി), കെ രവികുമാര്‍(പുല്ലാട്),
എ.കെ പ്രകാശ് (വെണ്ണിക്കുളം) എന്നിവര്‍ സംസാരിച്ചു.
ഉപകരണങ്ങളായോ പണമായോ പദ്ധതിയിലേക്ക് സഹായം നല്‍കാം. പണം നല്‍കുന്നവര്‍ മുക്കൂര്‍ വിജയാ ബാങ്കില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ അക്കൗണ്ടായ
A/C NO:205701011000924 (IFSC കോഡ്:BARB0VJMUKK) ലേക്ക് അയക്കാം.
- Log in to post comments