Skip to main content

ജില്ലയിൽ എല്ലാ വിദ്യാർത്ഥികൾക്കും ഇ-വിദ്യാഭ്യാസത്തിന് ഉടൻ സംവിധാനം

 
ആലപ്പുഴ: ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികളെയും ഓൺലൈൻ വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്തുന്നതിന് ഉടൻ സംവിധാനമൊരുങ്ങും. സാമ്പത്തിക ശേഷിയില്ലെന്നതുകൊണ്ട് ഒരു വിദ്യാർത്ഥിക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭിക്കാത്ത സാഹചര്യം വരില്ലെന്നുറപ്പാക്കാൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാലിന്റെയും ജില്ലാകളക്ടർ എ അലക്‌സാണ്ടറിന്റെയും നേതൃത്വത്തിൽ കളക്ടറുടെ ചേംബറിൽ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം. 
ഇ-വിദ്യാഭ്യാസം നിലവിൽ അന്യമായ കുട്ടികളുടെ എണ്ണം, ഇവർക്ക് എങ്ങനെ അവസരമൊരുക്കാമെന്നത് സംബന്ധിച്ച വ്യക്‌തമായ പദ്ധതി, ഇവർക്ക് വേണ്ടി കണ്ടെത്തിയ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കൃത്യമായ വിവരം, സ്‌പോൺസർഷിപ്പ് ഇല്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം, ഇവർക്ക് പഠനസൗകര്യം ഒരുക്കാൻ പഞ്ചായത്ത്,സ്‌കൂൾ,ലൈബ്രറികൾ എന്നിവടങ്ങളിൽ ലഭ്യ,മായ അടിസ്ഥാന സൗകര്യങ്ങൾ  തുടങ്ങിയ കാര്യങ്ങൾ ചൊവ്വാഴ്‌ച(ജൂൺ ഒൻപത്)യോടെ അറിയിക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. സാമ്പത്തിക പരാധീനത മൂലം ഒരു കുട്ടിക്കും അവസരം കിട്ടാത്ത സ്ഥിതിയില്ലെന്ന് ഉറപ്പാക്കണം. ഏറ്റവും ശ്രദ്ധിക്കപ്പെടേണ്ട ദുർബല വിഭാഗമാണ് പാവപ്പെട്ട വിദ്യാർഥികളെന്നും കളക്ടർ എ അലക്‌സാണ്ടർ പറഞ്ഞു. 

ജില്ല പഞ്ചായത്ത്, ലൈബ്രറികൾക്ക്  നൽകാൻ തീരുമാനിച്ചിട്ടുള്ള 46 പ്രൊജക്ടറുകൾ ഇ-വിദ്യഭ്യാസത്തിന് ഉപയോഗിക്കാനാകുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഈ മാസം 12നകം ജില്ലയിലെ എല്ലാ വിദ്യാർത്ഥികളെയും ഇ-വിദ്യാഭ്യാസ പരിപാടിയിൽ ഉൾപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ കുമാർ പറഞ്ഞു. ജില്ലയിൽ പ്രീ പ്രൈമറി മുതൽ ഹയർ സെക്കണ്ടറിതലം വരെയുള്ള  1,97,618 വിദ്യാർത്ഥികളിൽ ഒടുവിലത്തെ കണക്കനുസരിച്ച് 3388 വിദ്യാർത്ഥികൾക്കാണ് ഇ -വിദ്യാഭ്യാസ പരിപാടിയിൽ ഭാഗഭാക്കാകാൻ കഴിയാത്ത സാഹചര്യമുള്ളത്. ഇനിയും സ്‌പോൺസർ വരുന്നതിനനുസരിച്ച് ഈ എണ്ണത്തിൽ കുറവുണ്ടാകാം. ഇ-വിദ്യാഭ്യാസം നിലവിൽ അന്യമായ കുട്ടികൾക്ക് പൊതു കേന്ദ്രങ്ങളിൽ അവസരമൊരുക്കാനാണ് തീവ്രശ്രമം നടക്കുന്നത്.

ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ,ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മക്കീൽ, എസ് എസ് കെ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എ സിദ്ദിഖ്, വിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം കോ-ഓർഡിനേറ്റർ എ കെ പ്രസന്നൻ, ഹയർ സെക്കണ്ടറി കോ-ഓർഡിനേറ്റർ വിശ്വനാഥൻ എന്നിവരും സഹകരണ സംഘം, കൈറ്റ്, കുടുംബശ്രീ പ്രതിനിധികളും പങ്കെടുത്തു.

date