പെരിന്തല്‍മണ്ണയിലെ അഞ്ച് ഏക്കറില്‍ പച്ചത്തുരുത്ത്
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഞ്ച് ഏക്കര്‍ സ്ഥലത്ത് പച്ചത്തുരുത്ത് ഒരുക്കാനൊരുങ്ങി പെരിന്തല്‍മണ്ണ നഗരസഭ. എരവിമംഗലത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലുറപ്പ്, കൃഷിഭവന് നഗരസഭ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പച്ചത്തുരുത്ത് നിര്‍മിക്കുന്നത്.
പ്രത്യേകം കോമ്പൗണ്ട് കെട്ടിത്തിരിച്ച് ഫലവൃക്ഷങ്ങളും ഔഷധമരങ്ങളും വച്ച് പിടിപ്പിച്ചാണ് ജില്ലയില്‍ ഏറ്റവും വലിയ പച്ചത്തുരുത്തിന് രൂപം നല്‍കുന്നത്. മാവ്, പ്ലാവ്, റം ബൂട്ടാന്‍, അരിനെല്ലി, പപ്പായ, നെല്ലിക്ക മധുരപ്പുളി എന്നീ ഫലവൃക്ഷങ്ങളാണ് തുരുത്തില് വച്ച് പിടിപ്പിക്കുക. ഇത്തരം 350 മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിട്ടുള്ളത്. ഇതിനാവശ്യമായ മികച്ച ഇനം ഫലവൃക്ഷ തൈകള്‍ കാര്‍ഷിക വകുപ്പ് നഗരസഭക്ക് തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
പച്ചത്തുരുത്ത് പരിപാലിക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ പ്രാദേശികമായി ക്ലബുകളുടെയും എരവിമംഗലം പൊതുജന വായനശാല പ്രവര്‍ത്തകരുടെയും കമ്മിറ്റി രൂപീകരിക്കും. ഒരു തൊഴിലുറപ്പ് തൊഴിലാളി 11 മരമാണ് വച്ചു പിടിപ്പിച്ച് പരിപാലിക്കേണ്ടത്. ഇതിനായി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത 31 തൊഴിലാളികളെ നഗരസഭ പ്രത്യേകം തെരഞ്ഞെടുത്തിട്ടുണ്ട്. ഈ തൊഴിലാളികള്‍ 11 ഫലവൃക്ഷം വീതം അഞ്ച് വര്‍ഷം തുടര്‍ച്ചയായി അവര്‍ നട്ട മരം പരിപാലിക്കണം. ഇങ്ങനെ പരിപാലിക്കുന്നതിനായി പ്രതിമാസം 11 ദിവസത്തെ വേതനം തൊഴിലുറപ്പ് വിഹിതത്തില്‍ നിന്ന് നല്‍കും.
ഫലവൃക്ഷങ്ങള്‍ വളര്‍ന്നു കഴിഞ്ഞാല്‍ ഇടയില്‍ ഔഷധസസ്യങ്ങളും ഉദ്യാനങ്ങളും നിര്‍മിക്കുകയും പൊതുജനങ്ങള്‍ക്ക് വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കുകയും ചെയ്യും. പ്രദേശത്ത് ആദ്യ തൈനട്ട് നഗരസഭ ചെയര്മാന് എം.മുഹമ്മദ് സലീം പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ്ചെയര്‍മാന്‍ നിഷി അനില്‍രാജ്, വികസന സ്ഥിരംസമിതി ചെയര്മാന് കെ.സി മൊയ്തീന് കുട്ടി, കൃഷി ഓഫിസര്‍ മാരിയത്ത് കിബ്ത്തിയ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ദിലിപ് കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ.ടി. ഉണ്ണി, കാരയില്‍ സുന്ദരന്‍, ഹഫ്സ മുഹമ്മദ്, കെ.സുരേഷ്, കെ. നാസര്ക്കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(എം.പി.എം 2088/2020)
- Log in to post comments