ജനീഷ് കുമാര്‍ എംഎല്‍എയുടെ ടിവി ചലഞ്ചിന് തുടക്കമായി
സീതത്തോട് പഞ്ചായത്തിലെ മൂഴിയാര്‍ സായിപ്പിന്‍കുഴി പട്ടികവര്‍ഗ കോളനിയിലെ കുട്ടികള്‍ക്ക് മുന്‍പില്‍ ഫസ്റ്റ് ബെല്‍ മുഴക്കി കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ ടിവി ചലഞ്ചിന് തുടക്കമായി. കോന്നി നിയോജക മണ്ഡലത്തിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും വ്യക്തികളുടെയും, രാഷ്ട്രീയ-സാമൂഹ്യ സംഘടനകളുടെയും സഹായത്തോടെ ടിവി എത്തിച്ചു നല്‍കുന്ന പദ്ധതിയാണ് ടിവി ചലഞ്ച്. സായിപ്പിന്‍ കുഴി കോളനിയിലെ രഘു-ഓമന ദമ്പതികളുടെ മൂന്ന് മക്കള്‍ക്ക് പഠനസൗകര്യമൊരുക്കി ടിവി കൈമാറിക്കൊണ്ടാണ് എംഎല്‍എ ടിവി ചലഞ്ചിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഡിടിഎച്ച് കണക്ഷനോടുകൂടിയാണ് ടിവി നല്‍കിയത്. എസ്എഫ്ഐ ജില്ലാ കമ്മറ്റിയാണ് ഇതിനാവശ്യമായ ടിവിയും, ഡിടിച്ച് കണക്ഷനും വാങ്ങി നല്‍കിയത്.
കോളനിയിലെ മറ്റു കുടുംബങ്ങളിലും ടിവികള്‍ കൈമാറി. സീതത്തോട് പഞ്ചായത്തിലെ ചിപ്പന്‍ കുഴി കോളനിയിലും ടിവി ചലഞ്ചിന്റെ ഭാഗമായി ടെലിവിഷന്‍ എത്തിച്ചു നല്‍കി. ടെലിവിഷനൊപ്പം നോട്ടുബുക്കും, മറ്റ് പഠനോപകരണങ്ങളും എംഎല്‍എ കുട്ടികള്‍ക്ക് വിതരണം ചെയ്തു. എസ്എഫ്ഐയും, സ്വകാര്യ വ്യക്തിയും, ട്രൈബല്‍ ഡിപ്പാര്‍ട്ട്മെന്റും എംഎല്‍എയുടെ ടിവി ചലഞ്ചിലേക്ക് ടെലിവിഷന്‍ സംഭാവന ചെയ്തു.
സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് ബീന മുഹമ്മദ് റാഫി, ഗ്രാമ പഞ്ചായത്ത് അംഗം ബീനമോഹന്‍, സുമേഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാര്‍, എസ് എഫ് ഐ ജില്ലാ സെക്രട്ടറി ശരത് ശശിധരന്‍, എസ്എഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ജയ്സണ്‍ ജോസഫ് സാജന്‍, എസ്എഫ്ഐ ഏരിയ സെക്രട്ടറി വിഷ്ണു വിജയന്‍, പ്രസിഡന്റ് സ്റ്റെഫിന്‍ വര്‍ഗീസ്, കമ്മിറ്റി അംഗം രാഹുല്‍, എസ് ജോണ്‍സണ്‍, വര്‍ഗീസ് കോശി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments