മാടപ്പള്ളി സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് ; പ്രഖ്യാപനം ഇന്ന് (ജൂണ്‍ 9)
സംസ്ഥാനത്തെ ആദ്യത്തെ സമ്പൂര്‍ണ്ണ ഹരിതസമൃദ്ധി ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടം കോട്ടയം ജില്ലയിലെ മാടപ്പള്ളിക്ക്. ഔദ്യോഗിക പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഇന്ന് (ജൂണ്‍ 9) രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിക്കും.
ഹരിത കേരളം മിഷന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഹരിത സഹായ സ്ഥാപനമായ സോഷ്യോ ഇക്കണോമിക് യൂണിറ്റിന്റെയും സഹകരണത്തോടെ 'വൃത്തിയാക്കാം വിത്തിറക്കാം' എന്ന പേരില്‍ സംഘടിപ്പിച്ച കാമ്പയിനിലൂടെയാണ് മാടപ്പള്ളി ബ്ലോക്കു പഞ്ചായത്തും ഇതിന്റെ പരിധിയില്‍ വരുന്ന അഞ്ചു ഗ്രാമപഞ്ചായത്തുകളും ഈ നേട്ടം കൈവരിച്ചത്. ശുചിത്വ മിഷനും കുടുംബശ്രീയും പദ്ധതിയില്‍ പങ്കാളികളായി.
പദ്ധതിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ വീടുകളിലും ഏതെങ്കിലും രണ്ടു പച്ചക്കറിയിനങ്ങളെങ്കിലും കൃഷി ചെയ്യുന്നുണ്ട്. പൂട്ടിക്കിടക്കുന്നതും താമസമില്ലാത്തതും കൃഷിസാധ്യമല്ലാത്തുമായ വീടുകളെ ഒഴിവാക്കിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തിലെ 48433 വീടുകളില്‍ 41380 വീടുകളിലും കൃഷി ചെയ്യുന്നുണ്ട്. തൃക്കൊടിത്താനം-8969, പായിപ്പാട്-6192, വാഴപ്പള്ളി-8644, വാകത്താനം-9028, മാടപ്പള്ളി-8547 എന്നിങ്ങനെയാണ് ഗ്രാമപഞ്ചായത്തുകളില്‍ കൃഷി ചെയ്യുന്ന വീടുകളുടെ എണ്ണം. കൃഷിയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രഖ്യാപനച്ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. കാര്‍ഷിക രംഗത്ത് മികവു തെളിയിച്ച ചലച്ചിത്ര താരം കൃഷ്ണപ്രസാദ് മുഖ്യാതിഥിയായിരിക്കും. ഹരിതകേരളം മിഷന് സംസ്ഥാന ഉപാധ്യക്ഷ ഡോ. ടി എന്‍ സീമ വീഡിയോ സന്ദേശം നല്‍കും.
പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ സലോമി തോമസ്, ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. രമേഷ്, ശുചിത്വ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.ഇ. ഷാജി, ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മീനു ചാക്കോ എന്നിവര്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള അംഗീകാരപത്രം വിതരണം ചെയ്യും.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്സണ് അലക്സാണ്ടര്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് എക്സിക്യുട്ടീവ് ഡയറക്ടര്‍ സജി സെബാസ്റ്റ്യന്‍, ജി.ഇ.ഒ വിപിന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments