മനുഷ്യാവകാശ കമ്മീഷന് ഇടപെട്ടു: പാറമടയിലെ സ്ഫോടനത്തിന് നിയന്ത്രണം
കട്ടപ്പന കൂന്തളാം പാറയില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം നഗരസഭയും ജില്ലാ ഭരണകൂടവും ഇടപെട്ട് ശക്തി കുറഞ്ഞ നിയന്ത്രിത സ്ഫോടനം ഏര്‍പ്പെടുത്തി.
പാറമടയുടെ പ്രവര്‍ത്തനം കാരണം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പരാതിപ്പെട്ട് ഫിലിപ്പ് ജോണ്‍ കോഴിമല സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ഇടപെട്ടത്. ജില്ലാ കളക്ടര്‍, ജില്ലാ ജിയോളജിസ്റ്റ്, നഗരസഭാ സെക്രട്ടറി എന്നിവരില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. ഭാവിയില്‍ സ്ഫോടനം കാരണം ബുദ്ധിമുട്ടുണ്ടായാല്‍ പുതിയ പരാതി നല്‍കാവുന്നതാണെന്നും കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവില്‍ പറഞ്ഞു.
പാറമട ഉടമകളും കട്ടപ്പന നഗരസഭാ ചെയര്‍മാനും ചര്‍ച്ച നടത്തിയതായി നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. സ്ഫോടനങ്ങളുടെ ശക്തി കുറച്ചതിനാല്‍ ഇപ്പോള്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് പരിസരവാസികള്‍ അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പാറമടകളില്‍ ഒരെണ്ണത്തിന്റെ കാലാവധി 2020 ലും മറ്റൊരെണ്ണത്തിന്റെ കാലാവധി 2021 ലും അവസാനിക്കും. തുടര്‍ന്ന് ഇവക്ക് പ്രവര്‍ത്തനാനുമതി നല്‍കില്ലെന്നും നഗരസഭാ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
- Log in to post comments