Skip to main content

കോവിഡ് 19: മലപ്പുറം ജില്ലയില്‍ 905 പേര്‍ കൂടി പുതിയതായി നിരീക്ഷണത്തില്‍

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 12,743 പേര്‍

 

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ (ജൂണ്‍ ഒമ്പത്) 905 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 12,743 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 420 പേര്‍  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 413 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്. 11,092 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,231 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

 

ജില്ലയില്‍ ചികിത്സയിലുള്ളത് 170 പേര്‍

 

കോവിഡ് 19 സ്ഥിരീകരിച്ച് ജില്ലയില്‍ 170 പേരാണ്  നിലവില്‍ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ അഞ്ച് പാലക്കാട് സ്വദേശികളും രണ്ട് തിരുവനന്തപുരം സ്വദേശികളും രണ്ട് ആലപ്പുഴ സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഇടുക്കി, പത്തനംതിട്ട സ്വദേശികളായ ഓരോ രോഗികളും പൂനെ സ്വദേശിനിയായ എയര്‍ ഇന്ത്യ ജീവനക്കാരിയും ഉള്‍പ്പെടുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 231 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 4,538 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 741 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
(എം.പി.എം 2152/2020)

date