സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം അപേക്ഷ ക്ഷണിച്ചു
ക്ഷീരവികസനവകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്ത ക്ഷീരസംഘങ്ങളില്‍ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് കോവിഡ് 19 പ്രത്യേക ധനസഹായ പദ്ധതി പ്രകാരം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം നടത്തുന്നതിനു അര്‍ഹരായ ഗുണഭോക്താക്കളുടെ അപേക്ഷ ക്ഷണിച്ചു. 2020 ഏപ്രില്‍ മാസത്തില്‍ ക്ഷീരസംഘങ്ങളില്‍ പാല്‍ അളന്ന കര്‍ഷകരാണ് ഗുണഭോക്താക്കള്‍. 50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 400 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. 400 രൂപ കഴിച്ചുള്ള തുക ഗുണഭോക്തൃ വിഹിതം ആയി കളക്റ്റ് ചെയ്യണം. പ്രതിദിനം 10 ലിറ്റര്‍ വരെ പാല്‍ അളന്ന ക്ഷീരകര്‍ഷകര്‍ക്ക് (കാറ്റഗറി എ ) പരമാവധി 2 ചാക്കും , 11 മുതല്‍ 20 ലിറ്റര്‍ വരെ പാല്‍ അളന്നവര്‍ക്ക് (കാറ്റഗറി ബി ) പരമാവധി 3 ചാക്കും, 20 ലിറ്ററിനു മുകളില്‍ പാല്‍ അളന്നവര്‍ക്ക് (കാറ്റഗറി സി ) പരമാവധി 5 ചാക്കും ആണ് ഇപ്രകാരം സബ്‌സിഡി നിരക്കില്‍ നല്‍കാന്‍ കഴിയുന്നത്. ഇടുക്കി ജില്ലയില്‍ 13200 ചാക്ക് കേരളാ ഫീഡ്‌സ് എലൈറ്റും , 8800 ചാക്ക് മില്‍മ ഗോള്‍ഡും നല്‍കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഗുണഭോക്താക്കള്‍ ക്ഷീരവികസനവകുപ്പിന്റെ കീഴിലുള്ള ഡി ബി ടി പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. അര്‍ഹരായ ഗുണഭോക്താക്കള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ 2020 ജൂണ്‍ 10 നുള്ളില്‍ ക്ഷീരസംഘത്തില്‍ നല്‍കണം എന്ന് ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
- Log in to post comments