Skip to main content

ഓണ്‍ ലൈന്‍ പഠനം: സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം

കോവിഡ്- 19 ലോക്ക് ഡൗണ്‍  പശ്ചാത്തലത്തില്‍ ജില്ലയില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഇതര സൗകര്യമേര്‍പ്പെടുത്തുന്നതു സംബന്ധിച്ച്  ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്റെ അധ്യക്ഷതയില്‍   വിവിധ വകുപ്പുകളുടെ യോഗം ചേര്‍ന്നു. ആദിവാസി ഊരുകളിലാണ് കൂടുതലായും അസൗകര്യങ്ങള്‍ നിലനില്‍ക്കുന്നത്. 4515 ഓളം കുട്ടികള്‍ക്കാണ് ഓണ്‍ലൈന്‍ പഠന സൗകര്യം ഏര്‍പ്പെടുത്തേണ്ടത്.  പട്ടികജാതി, പട്ടികവര്‍ഗ്ഗ വകുപ്പുകള്‍  ടെലിവിഷന്‍, ലാപ്‌ടോപ്പ് എന്നിവ ഉപയോഗപ്പെടുത്തി സാധ്യമായ കേന്ദ്രങ്ങളില്‍ സാമൂഹിക അകലം ഉറപ്പാക്കി, കുട്ടികളുടെ എണ്ണം നിജപ്പെടുത്തി പഠന സൗകര്യം ഇതിനോടകം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എസ്എസ്‌കെയുടെ മേല്‍നോട്ടത്തില്‍ പഠന സൗകര്യമേര്‍പ്പെടുത്തേണ്ട വിദ്യാര്‍ത്ഥികളുടെ എണ്ണം എടുക്കുകയും സൗകര്യങ്ങള്‍ ക്രമീകരിക്കാന്‍ 52 ഓളം കേന്ദ്രങ്ങള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ജനപ്രതിനിധികള്‍, പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ തുടങ്ങിയവരില്‍ നിന്നുള്ള സഹായം ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് പ്രയോജനപ്പെടുത്തും. ഇതിനകം തന്നെ കുറെപ്പേര്‍ ടിവിയും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയിട്ടുണ്ട്.
ഇത്തരത്തില്‍ സഹായം നല്കുന്നവര്‍  ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ അറിയിക്കുന്നത് ഏറ്റവും അര്‍ഹരായവരില്‍ ഇത് എത്തിക്കുവാന്‍ സഹായിക്കുമെന്ന് യോഗം വിലയിരുത്തി. 15-ാം തീയതി വരെ ട്രയല്‍ ക്ലാസുകളാണ് നടക്കുന്നത്.  ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.എ.ശശീന്ദ്രവ്യാസ്, എസ്എസ്‌കെ പ്രോജക്ട് ഓഫീസര്‍ ഡി. ബിന്ദുമോള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി.കുര്യാക്കോസ്,  ഡയറ്റ് പ്രതിനിധി എം.തങ്കരാജ്,
 പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. എ. ബിനുമോന്‍, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.കെ,  ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഇ.ജി.സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date