Skip to main content

ജില്ലയിൽ  ഇന്ന് 3 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

 

 

1.മെയ്‌ 29ന് ഷാർജയിൽ നിന്നും മുരിക്കാശ്ശേരിയിൽ എത്തിയ 28 വയസ്സുള്ള യുവാവ്. ഷാർജയിൽ ടീച്ചർ ആയി ജോലി ചെയ്യുന്നു. രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.

 

2.മെയ്‌ 29ന് ദുബായ്യിൽ നിന്നും കഞ്ഞികുഴിയിൽ എത്തിയ 39  കാരൻ .  രോഗലക്ഷണങ്ങൾ ഒന്നും നിലവിലില്ല. അടിമാലിയിൽ സർക്കാർ quarantine ൽ കഴിയുകയായിരുന്നു.

 

3.മെയ്‌ 28ന് അയർലാൻഡിൽ  നിന്നും വിമാനമാർഗം വന്ന 28 കാരനായ തൊടുപുഴ സ്വദേശിയാണ് മൂന്നാമത്തെ രോഗി. നിലവിൽ   രോഗലക്ഷണങ്ങൾ ഇല്ല. അടിമാലിയിൽ സർക്കാർ quarantine ൽ കഴിയുകയായിരുന്നു. 

 

ഇവരിൽ തൊടുപുഴ സ്വദേശിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലും മറ്റ് രണ്ടു രോഗികളെ ഇടുക്കി മെഡിക്കൽ കോളേജിലും   പ്രവേശിപ്പിച്ചു.

 

246 അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി; ചുരുങ്ങിയ സമയത്തിനുള്ളിൽ തൊഴിലാളികളെ യാത്രയാക്കി ജില്ലാ ഭരണകൂടം

 

ഉത്തരേന്ത്യക്കാരായ 246 അതിഥി തൊഴിലാളികൾ ശനിയാഴ്ച്ച നാട്ടിലേക്ക് മടങ്ങി. വെസ്റ്റ് ബംഗാളിലേക്ക് 150 ഉം ഒറീസ്സയിലേക്ക് 96 ഉം തൊഴിലാളികളുമാണ് മടങ്ങിയത്. വെസ്റ്റ് ബംഗാളിലേക്ക് രാത്രി 4 മണിക്ക് ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നും ഒറീസയിലേക്ക് രാത്രി 8.30 ന് കോട്ടയത്ത് നിന്നുമാണ് ട്രെയിൻ. തൊടുപുഴ താലൂക്ക് ആസ്ഥാനത്ത് എത്തിയ തൊഴിലാളികളെ അഞ്ച് കെ.എസ്.ആർ.ടി.സി. ബസിലാണ് റെയിൽവേ സ്റ്റേഷനുകളിലെത്തിച്ചത്. കോവിഡ് 19 മാനദണ്ഡപ്രകാരം സാമൂഹ്യ അകലം പാലിച്ചായിരുന്നു യാത്ര.

 

ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജോലിക്കെത്തിയവരായിരുന്നു ഇവർ. റെയിൽവേയിൽ നിന്നുള്ള ആദ്യ അറിയിപ്പനുസരിച്ച് രാത്രി 8 ന് എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെടുമെന്നായിരുന്നു വിവരം. എന്നാൽ ട്രെയിൻ പുറപ്പെടുന്ന സമയം വൈകിട്ട് നാല് മണിയാക്കി പുതുക്കി നിശ്ചയിച്ച വിവരം വൈകിയാണ് ജില്ലാ ഭരണകൂടത്തിന് ലഭിച്ചത്. ഇതേ തുടർന്ന് കളക്ടറുടേയും ആർ.ഡി.ഓ.യുടേയും നേതൃത്വത്തിൽ തൊഴിലാളികൾക്കും അവരെയെത്തിച്ച കരാറുകാർക്കും ഫോൺ വഴി സന്ദേശം നൽകി. 

 

ഇതിൻ്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച്ച രാവിലെ മുതൽ തൊഴിലാളികൾ തൊടുപുഴ താലൂക്ക് ഓഫീസിൽ സജ്ജമാക്കിയ കേന്ദ്രത്തിലെത്തി തുടങ്ങിയിരുന്നു. തൊഴിലാളികൾ കൂട്ടത്തോടെയെത്തിയതിനാൽ ഇവരെ നിയന്ത്രിക്കുന്നതിനായി തൊടുപുഴ എസ്.ഐ. ബൈജു.പി.ബാബുവിൻ്റെ പോലീസിൻ്റെ സേവനവും ലഭ്യമാക്കിയിരുന്നു. ഇവർക്ക് യാത്രക്കാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി മെഡിക്കൽ ഓഫീസർ ഡോ. രേഖ ശ്രീധറിൻ്റെ നേതൃത്വത്തിൽ മുട്ടം, പുറപ്പുഴ പി.എച്ച്.സി. കളിലെ ആരോഗ്യ വകുപ്പധികൃതർ താലൂക്ക് ആസ്ഥാനത്ത് എത്തിയിരുന്നു. ഇവിടെ പ്രത്യേകം തയ്യാറാക്കിയ താൽക്കാലിക കേന്ദ്രത്തിലാണ് തൊഴിലാളികളുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കിയത്. തുടർന്ന് യാത്രാനുമതി നൽകിക്കൊണ്ടുള്ള രേഖകളും തൊടുപുഴ തഹസിൽദാർ കെ.എം.ജോസുകുട്ടിയുടെ നേതൃത്വത്തിൽ കൈമാറി. ഇതേ തുടർന്നാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികളും സ്ത്രീകളുമടക്കമുള്ള നിരവധി അതിഥി തൊഴിലാളികൾക്ക് അവരവരുടെ കുടുംബങ്ങളിലേക്ക് മടങ്ങാനായത്. വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് തഹസിൽദാർ സൂചിപ്പിച്ചു.

ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പാക്കാന്‍

അധ്യാപകര്‍ കുടികളില്‍ നേരിട്ടെത്തി.

 

ദേവികുളം താലൂക്കിലെ വിവിധ കുടികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യം വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ അധ്യാപകര്‍ നേരിട്ടെത്തി. ആദിവാസി മേഖലകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന സൗകര്യം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരുടെ സംഘം കുടികള്‍തോറും സഞ്ചരിച്ചത്. പല കുടികളിലും ഡിഷ് ഉപയോഗിച്ചാണ് ടെലിവിഷന്‍ കാണുന്നതിനുള്ള സൗകര്യമുള്ളത്. വിദ്യാഭ്യാസ ചാനലിനെക്കുറിച്ചും ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയക്രമങ്ങളെക്കുറിച്ചും അധ്യാപകര്‍  വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ടെലിവിഷന്‍ സൗകര്യമില്ലാത്തവര്‍ക്കായി സാമൂഹിക അകലം പാലിച്ച് പഠിക്കുന്നതിനും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിനും ചില കുടികളില്‍ കമ്മ്യൂണിറ്റി ഹാളുകളും ഒരുക്കിയിട്ടുണ്ട്. ചിന്നപ്പാറകുടി, പ്ലാമല, കൊടകല്ല് ,ചെക്ക്ഡാം, തലനിരപ്പന്‍ തുടങ്ങി വിവിധ കുടികളിലെ 350 തോളം കുട്ടികളെ അധ്യാപകര്‍ നേരിട്ടെത്തി കാണുകയും പഠന സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയുമായിരുന്നു. അടിമാലി സര്‍ക്കാര്‍ സ്‌കൂളിലെ എച്ച് എം ലൈല എംന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു അധ്യാപകരുട സന്ദര്‍ശനം.അധ്യാപകരായ ജസ്റ്റിന്‍ ജോയി, സിന്ധു.സി.കെ, ബിന്ദു.കെ.സി, നിഷാദ്, നാന്‍സി മാത്യൂ, റിന്‍സി ഫ്രാന്‍സിസ് റിട്ടേ. അധ്യാപകനായ ടി.എന്‍ മണിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് കുടികള്‍ സന്ദര്‍ശിച്ചത്.

 

 

date