19 പ്രവാസികള്‍ കൂടി രണ്ട് ദിവസത്തിനിടെ ഇടുക്കിയിലെത്തി
ജൂണ്‍ 7, 8 തീയതികളിലായി അഞ്ച് രാജ്യങ്ങളില്‍ നിന്ന് 19 പ്രവാസികള്‍ ഇടുക്കി ജില്ലയിലെത്തി. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഒരാളെ കോവിഡ് കെയര്‍ സെന്ററിലും ബാക്കിയുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി.
അബുദാബിയില്‍ നിന്ന് കണ്ണൂര്‍ എയര്‍പോര്‍ട്ട് വഴി ഒരാളാണെത്തിയത്. ഇയ്യാളെ കുടയത്തൂരിലെ പെയ്ഡ് ക്വാറന്റൈന്‍ സെന്ററിലാക്കി. ഒമാനില്‍ നിന്ന് കോഴിക്കോട് എയര്‍പോര്‍ട്ട് വഴി ഒരാളെത്തി. ഇയ്യാളെ സ്വന്തം വീട്ടില്‍ നിരീക്ഷണത്തിലാക്കി. സൗദി അറേബ്യയില്‍ നിന്ന് ഒമ്പത് സ്ത്രീകളും ഒരു പുരുഷനുമടക്കം 10 പേരാണ് നാട്ടിലെത്തിയത്. ഇതില്‍ അറുപത് വയസ് കഴിഞ്ഞ ഒരു പുരുഷനും ഒരു സ്ത്രീയും ആറ് മാസം പ്രായമായ ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. ഇവരില്‍ എട്ട് പേരെ സ്വന്തം വീടുകളിലും രണ്ട് പേരെ മറ്റ് ജില്ലകളിലെ ബന്ധുവീടുകളിലും നിരീക്ഷണത്തിലാക്കി. ദോഹയില്‍ നിന്ന് കൊച്ചി വഴി നാല് പുരുഷന്‍മാരും ഒരു സ്ത്രീയുമടക്കം അഞ്ച് പേരാണെത്തിയത്. ഇവരെല്ലാവരെയും സ്വന്തം വീടുകളില്‍ നിരീക്ഷണത്തിലാക്കി. ടാന്‍സാനിയയില്‍ നിന്ന് രണ്ട് പുരുഷന്‍മാരാണെത്തിയത്. ഇവരെ വീട്ടില്‍ നിരീക്ഷണത്തിലാക്കി.
- Log in to post comments