Skip to main content

വിവിധ വകുപ്പുകളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ ചെയ്യാന്‍ ഇനി കുടുംബശ്രീയും

 

ആലപ്പുഴ : റോഡുകളുടെയും പൊതു സ്ഥാപനങ്ങളുടെയും രണ്ട് ലക്ഷം രൂപ വരെ ചെലവ് വരുന്ന അറ്റകുറ്റ പണികള്‍ ടെണ്ടര്‍ കൂടാതെ കുടുംബശ്രീയുടെ കീഴിലുള്ള  വിദഗ്ധ പരിശീലനം ലഭിച്ച തൊഴിലാളികളെ കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി. പൊതുമരാമത്ത്, ജലസേചനം, തദ്ദേശ സ്വയം ഭരണം, ജല അതോറിറ്റി എന്നീ വകുപ്പുകള്‍ക്ക് കീഴിലുള്ള പ്രവൃത്തികളാണ് കുടുംബശ്രീ വഴി നടപ്പാക്കുന്നത്. ഒരു വര്‍ഷത്തില്‍ പരമാവധി 25 ലക്ഷം രൂപയുടെ ജോലികള്‍ വരെ ഇത്തരത്തില്‍ ഓരോ ഗ്രുപ്പിനും ഏറ്റെടുത്തു ചെയ്യാം. റോഡിലെ കുഴി അടക്കല്‍, അഴുക്കു ചാലിന്റെ ശുചീകരണം, കലുങ്ക് നിര്‍മ്മാണം, റോഡിലേക്ക് വീണ് കിടക്കുന്ന മരത്തിന്റെ ശിഖരം മുറിക്കല്‍, പൊതു കെട്ടിടത്തിന്റെ ശുചീകരണം, അറ്റകുറ്റപ്പണി തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.

 കൂടാതെ കുടുബശ്രീയുടെ എറൈസ് പദ്ധതിയിലൂടെ പരിശീലനം ലഭിച്ച വിദഗ്ദ്ധ തൊഴിലാളികള്‍ക്കോ ഏജന്‍സിക്കോ വാട്ടര്‍ സപ്ലൈ, സാനിറ്ററി, ഇലക്ട്രിക്കല്‍ ജോലികളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളും ചെയ്യാനാകും. പൊതുവെ കാലതാമസം നേരിടുന്ന ഇത്തരം പ്രവൃത്തികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. 243 അംഗങ്ങളുള്ള 46 വനിതാ കണ്‍സ്ട്രക്ഷന്‍ ഗ്രുപ്പുകള്‍ക്കും ഇലക്ട്രിക്കല്‍ ആന്‍ഡ് പ്ലംബിംഗ് മേഖലയില്‍ എറൈസ് പരിശീലനം ലഭിച്ച് കുടുംബശ്രീ വഴി രജിസ്റ്റര്‍ ചെയ്ത മള്‍ട്ടി ടാസ്‌ക് ടീമുകള്‍ക്കും ഇതിലൂടെ സാമ്പത്തിക നേട്ടം ലഭിക്കും. ആലപ്പുഴ ജില്ലാമിഷന്റെ കീഴില്‍ നിര്‍മ്മാണ മേഖലയില്‍ പരിശീലനം ലഭിച്ച വനിതാ തൊഴിലാളികള്‍ രാമോജി, ലൈഫ് പദ്ധതി, ഹഡ്കോ സ്പോണ്‍സേര്‍ഡ് ഭവന നിര്‍മാണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായി 150 വീടുകള്‍ നിര്‍മിച്ചു പ്രാഗല്‍ഭ്യം തെളിയിച്ചവരുമാണെന്ന് കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് ബാബു അറിയിച്ചു. 
 

date