Skip to main content

82 ലക്ഷം തൊഴിൽ ദിനങ്ങൾ അനുവദിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

2020-21 നടപ്പ് സാമ്പത്തിക വർഷത്തിൽ തൃശ്ശൂർ ജില്ലയിൽ 82 ലക്ഷം തൊഴിൽ ദിനങ്ങൾ അനുവദിച്ചതായി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ പി. സി ബാലഗോപാൽ അറിയിച്ചു. ലോക്ക് ഡൗണിന് ശേഷം തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങൾ ഏപ്രിൽ 21ന് പുനരാരംഭിച്ചിരുന്നു. കൊവിഡ് 19 പ്രോട്ടോകോൾ മുൻകരുതലുകൾ പൂർണ്ണമായും പാലിച്ചാണ് ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളിൽ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വിവിധ തൊഴിലുറപ്പു പദ്ധതികൾ നടക്കുന്നത്.
ഇതേ സാമ്പത്തിക വർഷത്തിൽ ഇതുവരെ 41,570 കുടുംബങ്ങൾക്ക് തൊഴിൽ നൽകിക്കൊണ്ട് ജില്ലയിൽ 4,91,057 അവിദഗ്ധ തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കാനും തൊഴിലുറപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇതിലേക്കായി 13.89 കോടി രൂപ വേതന ഇനത്തിൽ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് വിതരണം ചെയ്തു.
കിണർ റീചാർജ്, മഴക്കുഴി നിർമ്മാണം, ഡ്രൈനേജ് നിർമ്മാണം, കുളം നിർമ്മാണം, പൊതുകുളം നവീകരണം, തോട് നവീകരണം തുടങ്ങിയ വിവിധ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു. പരിസ്ഥിതി ദിനത്തിൽ ഗ്രാമീണ തൊഴിലുറപ്പ് ഉദ്യോഗസ്ഥരും തൊഴിലാളികളും ചേർന്ന് 32,956 വൃക്ഷത്തൈകൾ നടുകയും പരിപാലന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.

date