Skip to main content

പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് മാര്‍ഗ്ഗ രേഖയുമായി  ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്

 
ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സ്‌കൂളുകളില്‍ മാലിന്യ സംസ്‌കരണത്തില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളുമായി ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത്. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ സ്‌കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ വഴി ശേഖരിക്കുന്ന കലക്ടേഴ്‌സ് @സ്‌കൂള്‍ എന്ന പദ്ധതിയാണ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള സര്‍ക്കാര്‍- എയ്ഡഡ് മേഖലയിലെ 52 സ്‌കൂളുകളിലായി നടപ്പാക്കുന്നത്.

സ്‌കൂളുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ക്ക് പുറമെ കുട്ടികള്‍ക്ക് അവരുടെ വീടുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യവും സ്‌കൂളിലെ ഡസ്റ്റ് ബിന്നുകളില്‍ നിക്ഷേപിക്കാം. നാല് ഡസ്റ്റ് ബിന്നുകളാണ് ഓരോ സ്‌കൂളിലും സ്ഥാപിക്കുന്നത്. ഒന്നാമത്തെ ബിന്നില്‍ വെള്ള കുപ്പികള്‍ അടക്കമുള്ള പ്ലാസ്റ്റിക് മാലിന്യം, രണ്ടാമത്തെ ബിന്നില്‍ കട്ടി കൂടിയ പ്ലാസ്റ്റിക് മാലിന്യം, മൂന്നില്‍ പാല്‍ പാക്കറ്റുകള്‍, നാലില്‍ പേപ്പര്‍ മാലിന്യം എന്നിങ്ങനെയാണ് നിക്ഷേപിക്കേണ്ടത്. സ്‌കൂള്‍ എസ്.എം.സി വഴി ഈ മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കും. നിലവില്‍ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി പഞ്ചായത്തുകളില്‍ പദ്ധതിയുടെ ഭാഗമായി ഡസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കാലതാമസം നേരിടുന്നുണ്ടെങ്കിലും കൂടുതല്‍ ഡസ്റ്റ് ബിന്നുകള്‍ അടുത്ത ദിവസങ്ങളില്‍ തന്നെ എത്തിച്ച് മറ്റ്  പഞ്ചായത്തുകളില്‍ പദ്ധതിയുടെ പൂര്‍ത്തീകരണം ഉടന്‍ നടത്തുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി പറഞ്ഞു. 
15 ലക്ഷം രൂപയാണ് പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് മാറ്റി വെച്ചിരിക്കുന്നത്. ബി.ഡി.ഒ. എസ്. ദിപുവാണ് പദ്ധതിയുടെ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍. പ്ലാന്‍ കോര്‍ഡിനേറ്റര്‍ കെ. കെ ബിജുവും പദ്ധതിയുടെ പുരോഗതിക്ക് മേല്‍നോട്ടം വഹിക്കുന്നു.
 

date