Skip to main content

കോവിഡ് കെയർ സെന്ററുകളിലെ മാലിന്യ നീക്കവും സംസ്കരണവും വിലയിരുത്തി

 

ആലപ്പുഴ: കോവിഡ് കെയർ സെന്ററുകളിലെ മാലിന്യ നീക്കവും സംസ്കരണവും സംബന്ധിച്ചു വിലയിരുത്തലിനും കൂടിയാലോചനകൾക്കും ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ യോഗം ജില്ല കളക്ടറുടെ ചേമ്പറിൽ ചേർന്നു. 15 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റാണ് ജില്ലയിൽ     ഏറ്റവും സുസജ്ജമായതെന്നും ഈ പശ്ചാത്തലത്തിൽ കോവിഡ് കെയർ സെന്ററുകളിൽ നിന്നുള്ള സിവറേജ്‌ ട്രീറ്റ്‌മെന്റ് എം സി എച്ചിലേക്ക് മാറ്റുന്നതാണ് ഉചിതമെന്നും യോഗം വിലയിരുത്തി. 

യോഗത്തിലെ പ്രധാന നിർദേശങ്ങളും തീരുമാനങ്ങളും:

കോവിഡ് കെയർ സെന്ററുകളിലെ ശുചിമുറി മാലിന്യങ്ങൾ എം സി എച്ചിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്കരിക്കണം. പ്ലാന്റിൽ രാസ അണുനശീകരണത്തിന് സോഡിയം ഹൈപ്പോ ക്ളോറൈഡ് ഉപയോഗിച്ച് നടപടി കൈക്കൊള്ളണം.ഇതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് അനുവദിക്കണം.  

ബയോ മെഡിക്കൽ മാലിന്യങ്ങൾ ഇമേജ് മുഖാന്തിരം സംസ്കരിക്കുന്നതിന് നടപടി സ്വീകരിക്കണം. ജൈവ,അജൈവ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും കോവിഡ് കെയർ സെന്ററുകളിലെ മുറികൾ വൃത്തിയാക്കുന്നതിനും നഗരസഭകളിൽ ശുചീകരണ തൊഴിലാളികളെയും ഗ്രാമ പഞ്ചായത്തുകളിൽ ആവശ്യമെങ്കിൽ പ്രതിഫലം നൽകിക്കൊണ്ട് പ്രത്യേകം തൊഴിലാളികളെയും ഏർപ്പെടുത്തും.ഈ തൊഴിലാളികൾക്കാവശ്യമായ പരിശീലനം നൽകാൻ ജില്ല മെഡിക്കൽ ഓഫീസ(ആരോഗ്യം)റെ ചുമതലപ്പെടുത്തി. ശുചീകരണത്തിന് സന്നദ്ധരായ ആളുകളുടെ ലിസ്റ്റ് പ്രാദേശിക അടിസ്ഥാനത്തിൽ ശുചിത്വമിഷൻ തയ്യാറാക്കണം. 

ഫ്യൂമിഗേഷന് തത്കാലത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഉപകരണം വാങ്ങാൻ ഡെപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തി. ഈ ഉപകരണം ഉപയോഗ പ്രദമെങ്കിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വാങ്ങാൻ നിർദ്ദേശിക്കാനും യോഗം തീരുമാനിച്ചു. 

ജില്ല കളക്ടർ എ അലക്‌സാണ്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എഡിഎം ജെ മോബി,ഡെപ്യൂട്ടി കളക്ടർ ആശ സി എബ്രഹാം, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ ആർ ദേവദാസ്,മെഡിക്കൽ കോളേജ് സൂപ്രണ്ട് രാംലാൽ, മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വമിഷൻ, ഹരിതകേരളം  പ്രതിനിധികൾ പങ്കെടുത്തു.

date