കെ.ഐ.പി. കനാലിന്റെ പ്രശ്‌നം : കളക്ടർ ഉടൻ യോഗം വിളിക്കും
ആലപ്പുഴ: മാവേലിക്കര പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര വടക്ക് മുറിയിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ റജീനമോൾ കളക്ടറുടെ പരാതി പരിഹാര അദാലത്തിലെത്തിയത് കെ.ഐ.പി. കനാൽ തുറന്നു കഴിഞ്ഞാൽ വീട് വെള്ളത്തിലാകുന്ന ദുഖം അറിയിച്ചാണ്.കനാൽ വെള്ളം അനിയന്ത്രിതമായി കയറി വീടിന്റെ അടിത്തറ തകരുകയും കൃഷി നശിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. കെ.ഐ.പി കനാലിന്റെ അരിക് സംരക്ഷണവുമായി ബന്ധപ്പെട്ട് അടിയന്തിര ശ്രദ്ധ വേണമെന്ന് കണ്ടതിനെത്തുടർന്ന് ജില്ല കളക്ടർ എ. അലക്‌സാണ്ടർ കനാലിന്റെ സമീപത്തുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കെ.ഐ.പി കനാൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും അടിയന്തിര യോഗം വിളിക്കാൻ നിർദ്ദേശം നൽകി.
സ്വകാര്യ ലാബില്‍ രക്ത പരിശോധന നടത്തിയപ്പോള്‍ പരിശോധനാഫലം എച്ച്.ഐ.വി പോസിറ്റീവ് എന്ന് തെറ്റായി കാണിച്ചുവെന്ന പരാതിയുമായി ചുനക്കര സ്വദേശിയുടെ പരാതി കളക്ടര്‍ പരിഗണിച്ചു. ലാബിൽ നിന്ന് എച്ച്ഐവി പോസിറ്റീവ് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് തന്‍റെ ജീവിതം താളംതെറ്റിയതായി അദേഹം പറഞ്ഞു. ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു. പുറത്തുള്ള മൂന്നു ലാബുകളിൽ പരിശോധിച്ചപ്പോൾ എച്ച്ഐവി പോസിറ്റീവ് അല്ല എന്ന് കണ്ടെത്തിയതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി. ലാബുകാര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. പരാതി ജില്ലാ മെഡിക്കൽ ഓഫീസർക്ക് നേരത്തെ കൈമാറിയിട്ടുണ്ടെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വിവരം നല്‍കാമെന്നും ജില്ലാ കളക്ടർ ഉറപ്പുുനല്‍കി.
മാവേലിക്കര നഗരസഭയിൽ നിന്ന് സാനിട്ടേഷൻ വർക്കർ ആയി വിരമിച്ചയാളുടെ കുടുംബപെൻഷൻ ആവശ്യപ്പെട്ടാണ് രത്നമ്മ കളക്ടർക്ക് പരാതി നൽകിയത്. പരാതി പരിഗണിച്ച കളക്ടര്‍ ഫാമിലി പെൻഷൻ പ്രശ്നങ്ങള്‍ തീർത്ത് ഒരാഴ്ചയ്ക്കകം നൽകുന്നതിന് നടപടി സ്വീകരിക്കാന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. കറ്റാനം സ്വദേശിയായ ജോണിന്‍റെ കര്‍ഷക പെന്‍ഷന്‍ 2012 മുതൽ ലഭിക്കുന്നില്ലെന്ന പരാതിയിലും ബന്ധപ്പെട്ട കൃഷി ഓഫീസര്‍ നടപടി സ്വീകരിച്ച് വേഗത്തില്‍ പെൻഷൻ ലഭ്യമാക്കാമെന്ന് ഉറപ്പ് നല്‍കി.
ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ടാണ് സജി ജില്ലാ കളക്ടര്‍ക്ക് മുമ്പിലെത്തിയത്. 57ാം നമ്പര്‍ അങ്കണവാടി നിർമ്മാണവുമായി ബന്ധപ്പെട്ട് അനുമതി നൽകുന്നില്ല എന്നായിരുന്നു പരാതി. നിലവില്‍ ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിലില്ലെന്നും എത്രയും പെട്ടെന്ന് ഭരണ സമിതിക്ക് മുന്നിൽ ഇത് അവതരിപ്പിച്ച് അംഗീകാരം നല്‍കാനും പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പഞ്ചായത്തിന്‍റെ അസറ്റ് രജിസ്റ്ററിലുള്ളതാണ് ഭൂമി. രാവിലെ 10 മണിക്ക് ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് 2.30 വരെ നീണ്ടു.
- Log in to post comments