ജില്ലയിലെ 21 തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം
ജില്ലയിലെ 21 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി.
പന്തളം നഗരസഭ, ഇലന്തൂര്‍, പുളിക്കീഴ് ബ്ലോക്കുപഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകളായ ഇലന്തൂര്‍, ഇരവിപേരൂര്‍, കലഞ്ഞൂര്‍, കൊടുമണ്‍, കോന്നി, മല്ലപ്പള്ളി, പള്ളിക്കല്‍, പെരിങ്ങര, റാന്നി പെരുനാട്, തണ്ണിത്തോട്, ആനിക്കാട്, വള്ളിക്കോട്, അരുവാപ്പുലം, കവിയൂര്‍, കോയിപ്രം, കോട്ടാങ്ങല്‍, നിരണം, സീതത്തോട് എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. കൂടാതെ പന്തളം, തിരുവല്ല നഗരസഭകള്‍ക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ ചര്‍ച്ച ചെയ്യുന്നതിനായി കൂടിയ ജില്ലാ ആസൂത്രണ സമിതി ഉപസമിതിയോഗത്തിന്റെ റിപ്പോര്‍ട്ട് ശിപാര്‍ശയോടുകൂടി സര്‍ക്കാരിലേക്ക് അയയ്ക്കുന്നതിനും ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.
കാര്‍ഷിക അനുബന്ധമേഖലകളുമായി ബന്ധപ്പെട്ട ഉപഭോക്തൃ പട്ടിക ഗ്രാമപഞ്ചായത്തുകള്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിരമായി കൈമാറണമെന്നും പദ്ധതികളുടെ നിര്‍വഹണം ആരംഭിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. കൂടാതെ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട കമ്യൂണിറ്റി റെസ്‌ക്യൂ വോളന്റിയര്‍ ടീം രൂപീകരിക്കുന്നതിനുള്ള പദ്ധതികള്‍ എല്ലാ ഗ്രാമപഞ്ചായത്തുകളും, നഗരസഭകളും അതീവ പ്രാധാന്യത്തോടെ ഏറ്റെടുക്കുകയും ഇതിനാവശ്യമായ തുക പദ്ധതിയില്‍ വകയിരുത്തണമെന്നും പ്രസിഡന്റ് അറിയിച്ചു.
ജില്ലാ ആസൂത്രണസമിതി അംഗങ്ങളായ അഡ്വ.ആര്‍.ബി. രാജീവ്കുമാര്‍, വിനീത അനില്‍, ലീലാ മോഹന്‍, എലിസബത്ത് അബു, ബി.സതികുമാരി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു.സി.മാത്യു, അസി.പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ് തൂടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments