ടിവി ചലഞ്ചിന് മികച്ച പ്രതികരണം; സഹായവുമായി നിരവധി പേര്‍
കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ ടിവി ചലഞ്ചിന് മികച്ച പ്രതികരണം. നിരവധി ആളുകള്‍ ചലഞ്ചിന്റെ ഭാഗമായി ടെലിവിഷന്‍ എത്തിച്ചു നല്‍കി. തിരുവനന്തപുരം സെന്‍ട്രല്‍ എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥികളും, പൂര്‍വ വിദ്യാര്‍ഥികളും സംയുക്തമായി 10 ടെലിവിഷന്‍ നല്‍കുമെന്ന് അറിയിച്ചു. കോന്നി ടൗണിലെ സ്ഥാപന ഉടമകള്‍, വ്യക്തികള്‍, ജീവനക്കാര്‍ തുടങ്ങിയവരില്‍ ചിലര്‍ ഇതിനോടകം തന്നെ ടിവി എത്തിച്ചു നല്‍കി. അനേകം ആളുകള്‍ ടെലഫോണിലൂടെ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ടിവി ഇല്ലാത്ത മുഴുവന്‍ കുട്ടികള്‍ക്കും ചലഞ്ചിന്റെ ഭാഗമായി ടിവി എത്തിക്കാന്‍ കഴിയുമെന്ന് എംഎല്‍എ പറഞ്ഞു. സഹായം നല്‍കാന്‍ കഴിയുന്ന എല്ലാവരും രംഗത്തുവരണമെന്ന് എംഎല്‍എ അഭ്യര്‍ഥിച്ചു.
ആദ്യദിനം അന്‍പത്തി ഏഴ് കുട്ടികള്‍ക്കു വേണ്ടിയുള്ള അപേക്ഷയാണ് എംഎല്‍എ ഓഫീസില്‍ ലഭിച്ചത്. എംഎല്‍എ ഓഫീസില്‍ നേരിട്ടും, ഇ-മെയില്‍ മുഖേനയും, എംഎല്‍എയുടെ വാട്സ്ആപ്പിലും അപേക്ഷകള്‍ ലഭിക്കുന്നുണ്ട്. കുട്ടികള്‍ക്കു വേണ്ടി രക്ഷിതാക്കളും, അധ്യാപകരും അപേക്ഷയുമായെത്തി. അധ്യാപകരുടെ അപേക്ഷയില്‍ കുട്ടികള്‍ക്കുള്ള മറ്റു പ്രയാസങ്ങളും എംഎല്‍എയുടെ ശ്രദ്ധയില്‍ പെടുത്തുന്നുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള അടിയന്തിര ഇടപെടല്‍ ഉണ്ടാകുമെന്നും, അപേക്ഷകളില്‍ അന്വേഷണം നടത്തി അര്‍ഹരായവര്‍ക്ക് ഉടന്‍ തന്നെ ടെലിവിഷന്‍ എത്തിച്ചു നല്‍കുമെന്നും എംഎല്‍എ അറിയിച്ചു.
- Log in to post comments