Skip to main content

ഡിറ്റിപിസിയുടെ ആഭിമുഖ്യത്തില്‍ ഹോട്ടല്‍ മഹാറാണി തിങ്കള്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

ജില്ലാ ആസ്ഥാനത്തെ  ടൂറിസം വികസനത്തിന് പ്രയോജനപ്രദമായി ഡിറ്റിപിസി യുടെ ആഭിമുഖ്യത്തില്‍ ചെറുതോണി പാറേമാവില്‍ ഹോട്ടല്‍ മഹാറാണി എന്ന സ്ഥാപനം തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. ജൂണ്‍ 15ന് രാവിലെ 9.30ന് വൈദ്യുതിവകുപ്പ് മന്ത്രി എം.എം.മണി സ്ഥാപനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  വിശാലമായ പാര്‍ക്കിംഗ് സൗകര്യവും താമസ സൗകര്യവും വെജ്-നോണ്‍വെജ് റെസ്റ്റോറന്റുമാണ് സ്ഥാപനത്തിന്റെ പ്രത്യേകത. ടൂറിസം വകുപ്പ് നിര്‍മ്മിച്ച്  ഡിറ്റിപിസിക്ക് കൈമാറിയ വഴിയോര വിശ്രമ കേന്ദ്രം ഡിറ്റിപിസി എക്‌സിക്യൂട്ടിവ് കമ്മറ്റിയുടെ തീരുമാന പ്രകാരമാണ് ഹോട്ടലായി പ്രവര്‍ത്തിപ്പിക്കുന്നത്.  ഹോട്ടല്‍ മഹാറാണി സംരഭകരാണ് സ്ഥാപനം വാടകക്കെടുത്തിരിക്കുന്നത്. കെട്ടിടനവീകരണവും അടിസ്ഥാനസൗകര്യങ്ങളും കിച്ചണും ഡിറ്റിപിസി സജ്ജീകരിച്ചു. ഇടുക്കി ഡാം സന്ദര്‍ശനാനുമതി സീസണില്‍ ഒരുലക്ഷത്തിലധികം സഞ്ചാരികള്‍ ജില്ലാആസ്ഥാനത്ത് വന്നുപോകുന്നുണ്ട്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയുളള സ്ഥാപനത്തില്‍  ആവശ്യമായവര്‍ക്ക് വിശ്രമസൗകര്യവും താമസത്തിന് രണ്ട് ഫാമിലി റൂമും ചൈനീസ് വിഭവങ്ങളുള്‍പ്പെടെയുളള ഭക്ഷണങ്ങളും ന്യായവിലയ്ക്ക് ലഭ്യമാണെന്ന് ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ പറഞ്ഞു.
  ഉദ്ഘാടനയോഗത്തിന് റോഷി അഗസ്റ്റിന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.  അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി  മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എച്ച്.ദിനേശന്‍ സ്വാഗതമാശംസിക്കും. ഡിറ്റിപിസി സെക്രട്ടറി ജയന്‍ പി വിജയന്‍ റിപ്പോര്‍ട്ടവതരിപ്പിക്കും. ഇ.എസ് ബിജിമോള്‍ എം.എല്‍എ, എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ഡിറ്റിപിസി എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി.വി.വര്‍ഗീസ്, അനില്‍ കൂവപ്ലാക്കല്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് റെജി മുക്കാട്ട്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. സെലിന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ-സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date