സൈബര്‍ ജാലകത്തില്‍ ആവേശത്തോടെ കുടുംബശ്രീ പ്രവര്‍ത്തകര്‍
എറണാകുളം: "കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക തകർച്ചയില്‍ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി ഭക്ഷ്യോത്പാദന വർദ്ധനവ് ലക്ഷ്യം വച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതി ഏത്?" ജില്ലയിലെ ഒരു ലക്ഷത്തിലധികം വരുന്ന സ്ത്രീ മത്സരാര്‍ത്ഥികള്‍ ആവേശത്തോടെ മൂന്നാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു -"സുഭിക്ഷ കേരളം". ജില്ലയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കിടയില്‍ നടത്തിയ സൈബര്‍ ജാലകം 2 ക്വിസ് മത്സരത്തിലെ ഒന്നാമത്തെ ചോദ്യമായിരുന്നു മേല്‍ പറഞ്ഞത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ അവതരിപ്പിച്ച കൃഷി പ്രോത്സാഹന പദ്ധതിയായ "സുഭിക്ഷ കേരളം " , വയോജന പരിപാലന പദ്ധതിയായ "ഗ്രാൻഡ് കെയർ" , 20 രൂപയ്ക്ക് ഉച്ച ഭക്ഷണം ലഭ്യമാക്കുന്ന " വിശപ്പു രഹിത കേരളം " മുതലായ പദ്ധതികളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മനസിലാക്കി നല്‍കുക എന്ന ലക്ഷ്യത്തിലാണ് സൈബര്‍ ജാലകം ക്വിസ് മത്സരം സംഘടിപ്പിച്ചത്. പതിനഞ്ചു ചോദ്യങ്ങളാണ് മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഒരു ലക്ഷത്തി ഒൻപതിനായിരത്തി ഒരുന്നൂറ്റി ഇരുപത് അംഗങ്ങള്‍ ഉത്തരങ്ങൾ ഗൂഗിൾ ഫോമിൽ നൽകി. ഇതില്‍ 35,011 പേര്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കി മുഴുവന്‍ പോയിന്‍റുകളും കരസ്ഥമാക്കി. തെറ്റുത്തരം നല്‍കിയവര്‍ക്ക് ശരിയായ ഉത്തരവും വിശദാംശങ്ങളും പകര്‍ന്നു നല്‍കുകയും ചെയ്തു.
കുടുംബശ്രീ ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ എസ് രഞ്ജിനി, സുഭിക്ഷ കേരളം അസിസ്റ്റൻറ് ജില്ല മിഷന്‍ കോര്‍ഡിനേറ്റര്‍ ഇൻ ചാര്‍ജ്ജ് കെ വിജയം തുടങ്ങിയവരാണ് ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിനും മത്സരത്തിന്‍റെ നടത്തിപ്പിനും നേതൃത്വം നല്‍കിയത്.
- Log in to post comments