കോന്നി താലൂക്ക് ആശുപത്രി വികസനത്തിന് 10 കോടി രൂപയുടെ പദ്ധതി
കോന്നി താലൂക്ക് ആശുപത്രിയുടെ വികസനത്തിന് 10 കോടി രൂപയുടെ പദ്ധതി തയാറായതായി അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. താലൂക്ക് ആശുപത്രി ഇപ്പോഴും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന് ആവശ്യമായ സൗകര്യത്തിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
നിരവധി സ്‌പെഷാലിറ്റി ഡോക്ടര്‍മാര്‍ ഉണ്ടെങ്കിലും ഓപ്പറേഷന്‍ തീയറ്റര്‍ ഉള്‍പ്പടെ ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ പലരും വര്‍ക്കിംഗ് അറേഞ്ച്‌മെന്റിലാണ്. ആ ശുപത്രിയിലെ ഭൗതിക സാഹചര്യങ്ങള്‍ വര്‍ധിപ്പിച്ച് മികച്ച ആരോഗ്യ കേന്ദ്രമായി മാറ്റുമെന്നും എംഎല്‍എ പറഞ്ഞു. 10 കോടിയുടെ പദ്ധതിയുടെ ഭാഗമായി നിലവിലുള്ള കാഷ്വാലിറ്റി കെട്ടിടത്തിന്റെ മുകളില്‍ നാലു നില കൂടി നിര്‍മിക്കും. പുതിയതായി നിര്‍മിക്കുന്ന ഒന്നാം നിലയില്‍ മിനി ഓപ്പറേഷന്‍ തീയറ്റര്‍, മെഡിക്കല്‍ ഐസിയു, മെയില്‍ വാര്‍ഡ് തുടങ്ങിയവ പ്രവര്‍ത്തിക്കും.
രണ്ടാം നിലയില്‍ ഓപ്പറേഷന്‍ തീയറ്റര്‍, ലേബര്‍ റൂം, ഫീമെയില്‍ വാര്‍ഡ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നതിനുള്ള സൗകര്യമൊരുക്കും. മൂന്നാം നില പൂര്‍ണമായും മെയില്‍ വാര്‍ഡ് ആയിരിക്കും. എല്ലാ നിലയിലും നഴ്‌സിംഗ് സ്റ്റേഷന്‍, ഡോക്ടര്‍മാര്‍ക്കുള്ള മുറി തുടങ്ങിയവ ഉണ്ടാകും. നാലാം നിലയില്‍ ലിഫ്റ്റ് റൂം മാത്രമാണ് ഉണ്ടാവുക. പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആശുപത്രിയില്‍ ലിഫ്റ്റ് സ്ഥാപിക്കും. ആശുപത്രി മാലിന്യം നിര്‍മാര്‍ജനം ചെയ്യാന്‍ നിലവില്‍ സൗകര്യമില്ല. അതിനായി അധുനിക മാലിന്യ നിര്‍മാര്‍ജന സംവിധാനം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കും. ലോണ്‍ട്രി പ്ലാന്റും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.
ആശുപത്രിയില്‍ ശാസ്ത്രീയമായ നിലയില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തും. ആശുപത്രിക്ക് ചുറ്റുമതിലും, ഗേറ്റും നിര്‍മിക്കും. പത്തനംതിട്ട ജില്ലാ പൊതുമരാമത്ത് കെട്ടിടവിഭാഗം ഉടന്‍ തന്നെ പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് നിര്‍മാണം ആരംഭിക്കുമെന്ന് എംഎല്‍എ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എംഎല്‍എ ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചിരുന്നു. ഇതില്‍ നിന്നും താലൂക്ക് ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സ്, വെന്റിലേറ്റര്‍, ട്രോളിയോടു കൂടി ഓക്‌സിജന്‍ സിലിണ്ടര്‍, സ്ട്രക്ചര്‍, വീല്‍ചെയര്‍, പി.പി.ഇ.കിറ്റ്, റാപ്പിഡ് ടെസ്റ്റ് കിറ്റ്, എന്‍ - 95 മാസ്‌ക്, ത്രീ ലെയര്‍ മാസ്‌ക് തുടങ്ങി എല്ലാ സൗകര്യവും ഏര്‍പ്പെടുത്താന്‍ അനുമതി ലഭിച്ചതായും എംഎല്‍എ പറഞ്ഞു.
--
- Log in to post comments