Skip to main content

പെരുമ്പടപ്പ് തീരദേശങ്ങളില്‍ ജൈവ കവചമൊരുങ്ങുന്നു 

മഴക്കാലത്തിന്  മുന്‍പ് ബ്ലോക്ക് പരിധിയിലെ തീരദേശങ്ങളില്‍ ജൈവ കവചം തീര്‍ക്കുകയാണ് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്.    ഇരുപതിനായിരം കാറ്റാടി മരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന തീരദേശ  വനവല്‍ക്കരണം പദ്ധതി ബ്ലോക്കില്‍ പുരോഗമിക്കുകയാണ്. 
പുതിയിരുത്തി, പത്തുമുറി, പാലപ്പെട്ടി, തണ്ണിത്തുറ തുടങ്ങിയ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ  തീരമേഖലകളിലാണ് കാറ്റാടിത്തൈകള്‍ നട്ട് തീരദേശ ജൈവ കവചം ഒരുക്കുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2020-21 വാര്‍ഷിക പദ്ധതി പ്രകാരം 2.5 ലക്ഷം രൂപ  ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജൂണ്‍ എട്ടിന് ആരംഭിച്ച തൈ നടീലിന് കേരള സാമൂഹ്യ വനവത്കരണ വിഭാഗമാണ് ആവശ്യമായ കാറ്റാടി തൈകള്‍ ലഭ്യമാക്കുന്നത്. 
തൈ നടീലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികളാണ് ചെയ്യുന്നത്. മണ്ണൊലിപ്പും ശക്തമായ കാറ്റും പ്രതിരോധിയ്ക്കാനാണ് കാറ്റാടി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്. തണലിനൊപ്പം നല്ല തോതില്‍ ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുമെന്നതും കാറ്റാടി മരങ്ങളുടെ പ്രത്യേകതയാണ്. പാലപ്പെട്ടി പുതിയിരുത്തി തീരദേശത്ത്  ജൂണ്‍ എട്ടിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  പി.എം ആറ്റുണ്ണി തങ്ങള്‍ കാറ്റാടി തൈകള്‍ നട്ടുകൊണ്‍്   പദ്ധതിക്ക് തുടക്കമിട്ടു. 
(എം.പി.എം 2232/2020)
 

date