Skip to main content

കൊടുങ്ങല്ലൂരിലെ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ഒന്നേകാൽ കോടിയുടെ അംഗീകാരം

കൊടുങ്ങല്ലൂർ നഗരസഭയിൽ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ഒന്നേകാൽ കോടിയുടെ അംഗീകാരം നൽകിയതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ. 1 കോടി 31 ലക്ഷം രൂപയുടെ വിവിധ കാർഷിക പദ്ധതികൾക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകിയത്.
തരിശ് ഭൂമിയിൽ കൃഷി ചെയ്യുന്നതിന് 11,60,000 രൂപ, പച്ചക്കറി ഗ്രോബാഗ് വിതരണത്തിന് 10 ലക്ഷം, തെങ്ങുകൃഷി വികസനത്തിന് 15,12,500,, സമഗ്ര നെൽകൃഷിക്ക് 4, 90,000, ഫലവൃക്ഷങ്ങൾ, സുഗന്ധവിളകൾ എന്നിവയുടെ നടീൽ വസ്തുക്കൾ വിതരണത്തിന് നാല് ലക്ഷം. കൂടാതെ മുഴുവൻ കിണറുകളും റീ-ചാർജ് ചെയ്യുന്നതുൾപ്പെടെ കാർഷിക മേഖലയിൽ മാത്രം 53 ലക്ഷത്തോളം രൂപയ്ക്കുള്ള പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്.
ക്ഷീര കർഷകർക്ക് പാലിന് സബ്‌സിഡി 10 ലക്ഷം രൂപയാണ് വകയിരുത്തിയത്. ഒരു ലിറ്റർ പാലിന് ദിവസവും 4 രൂപ വീതം വർഷത്തിൽ 40,000 രൂപ വരെ നൽകും. ആടുവളർത്തൽ 4,40,000 രൂപ, കന്നുകുട്ടി തീറ്റ സബ്‌സിഡിയിനത്തിൽ 11 ലക്ഷം, കറവപ്പശുവിന് കാലിത്തീറ്റ സബ്‌സിഡി 12,67,000, കാലിത്തൊഴുത്ത് നിർമ്മാണത്തിന് സഹായമായി ഏഴര ലക്ഷം, കറവപ്പശു, എരുമ എന്നിവ വാങ്ങുന്നതിന് 12 ലക്ഷം രൂപ, മുട്ടക്കോഴി വിതരണം 3,17000 രൂപയുമാണ് നീക്കിവെച്ചിട്ടുള്ളത്. മീൻ വളർത്തൽ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതിന് 8 ലക്ഷമാണ് വകയിരുത്തിയിരിക്കുന്നത്. കുളത്തിലെ കരിമീൻ കൃഷി, ബയോ ഫ്‌ലോക്ക് മത്സ്യകൃഷി, വീട്ടുവളപ്പിലെ കുളത്തിൽ മത്സ്യകൃഷി എന്നിവയ്ക്കാണ് സാമ്പത്തിക സഹായ പദ്ധതി ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഈ മാസം തന്നെ പദ്ധതി നിർവ്വഹണമാരംഭിക്കുമെന്നും ചെയർമാൻ പറഞ്ഞു.
നഗരസഭയിലെ കൃഷി ഓഫീസർ, വെറ്ററിനറി സർജൻ, ഫിഷറീസ് ഓഫീസർ, ഡയറി ഡെവലപ്‌മെൻറ് ഓഫീസർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. ഈ വർഷത്തെ വാർഷിക പദ്ധതി രൂപീകരിച്ച് മാർച്ച് മാസത്തിൽ തന്നെ നഗരസഭ അംഗീകാരം വാങ്ങിയിരുന്നു. ഇപ്പോൾ പദ്ധതിയിൽ മാറ്റം വരുത്തി സുഭിക്ഷ കേരളം പരിപാടിക്കായി കാർഷികോൽപ്പാദന മേഖലയിൽ 1 കോടി 31 ലക്ഷത്തോളം രൂപ നീക്കിവെയ്ക്കുകയായിരുന്നുവെന്നും ചെയർമാൻ പറഞ്ഞു.

date