കുട്ടികള്‍ക്കായി വായനാ മത്സരം സംഘടിപ്പിക്കുന്നു
ആലപ്പുഴ : ജൂണ്‍ 19 വായനാദിനത്തോടനുബന്ധിച്ചു കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി വായന മത്സരം സംഘടിപ്പിക്കുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് മത്സരം. ലോക്ക് ഡൗണ്‍ കാലമായതിനാല്‍ കുട്ടികള്‍ ഈ കഥ വായിച്ച് വായന അനുഭവം ഒരു ലഘുവിവരണം ആയി മൊബൈല്‍ വീഡിയോ എടുക്കുകയാണ് ചെയ്യേണ്ടത്. വീഡിയോയില്‍ കുട്ടികളുടെ പേര്, ക്ലാസ്, ബാലസഭ, പഞ്ചായത്ത്/നഗരസഭ എന്നിവയും ഉള്‍പ്പെടുത്തണം. ഈ വീഡിയോ അതത് കുടുംബശ്രീ സി.ഡി.എസ് കളിലേക്ക് അയച്ചു നല്‍കി മത്സരത്തില്‍ പങ്കാളികളാകാം. ജൂണ്‍ 19വരെ വീഡിയോ അയക്കാം. എല്ലാ മികച്ച അവതരണങ്ങളും ജില്ല ബാലസഭയുടെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യും. ഏറ്റവും മികച്ച അവതരണത്തിന് പുരസ്‌കാരം നല്‍കും. പ്രസ്തുത പുസ്തകം ലഭ്യമല്ലാത്ത കുട്ടികള്‍ക്കായി കഥയുടെ പിഡിഎഫ് പതിപ്പും സി.ഡി.എസുകള്‍ വഴി ലഭ്യമാക്കും. ബാലസഭയില്‍ അംഗങ്ങളല്ലാത്ത 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതത് സിഡിഎസുകളുമായി ബന്ധപ്പെട്ടാല്‍ ബുക്കിന്റെ പിഡിഎഫ് പതിപ്പ് ലഭിക്കുമെന്നും കുടുംബശ്രീ ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments